ബസ് കത്തിക്കല്‍: മുഖ്യപ്രതി അറസ്റില്‍
കൊച്ചി: കോയമ്പത്തൂര്‍ ജയിലില്‍ പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദ്നിയെ പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട്ടും തൃശൂരും കോയമ്പത്തൂരും നടന്ന അക്രമസംഭവങ്ങളിലെ മുഖ്യപ്രതികളിലൊരാളെ തമിഴ്നാട് പൊലീസ് അറസ്റ് ചെയ്തു.
കാക്കനാട് ഓലിമുകള്‍ മോളത്തു വീട്ടില്‍ ഷബീറിനെ (24)യാണ് അറസ്റ് ചെയ്തത്. അക്രമങ്ങള്‍ ആസൂത്രണം ചെയ്തവര്‍ക്കും അക്രമം നടത്തിയവര്‍ക്കും ഇടയിലെ പ്രധാന കണ്ണിയായിരുന്നു ഷബീറെന്ന് പൊലീസ് പറഞ്ഞു.
കോയമ്പത്തൂര്‍ പ്രസ് ക്ലബില്‍ സ്ഫോടകവസ്തുക്കള്‍ നിക്ഷേപിക്കാനും കേരളത്തില്‍ തമിഴ്നാട് വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്താനും തനിക്ക് നിര്‍ദേശം ലഭിച്ചതായി ഷബീര്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ജയിലില്‍ കഴിയുന്ന മദ്നി മൊബൈല്‍ ഫോണിലൂടെ നല്‍കിയ സന്ദേശങ്ങള്‍ കൊച്ചിയിലെ ഒരു അഭിഭാഷകന് കൈമാറിയതായി ഷബീര്‍ പറഞ്ഞു.
തമിഴ്നാട് പൊലീസിന് ഭീഷണിയായി ഫാക്സ് സന്ദേശമയച്ചത് ഷബീറാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂര്‍ പ്രസ് ക്ലബില്‍ സ്ഫോടകവസ്തുക്കള്‍ നിക്ഷേപിച്ച വിവരം തമിഴ്നാട്ടിലെ പത്രങ്ങളെ അറിയിച്ചതും ഷബീര്‍ തന്നെ.
പി ഡി പിയുമായി ബന്ധമില്ലെങ്കിലും മദ്നിയുമായും അദ്ദേഹത്തിന്റെ ബന്ധുവുമായും അടുത്ത ബന്ധമുള്ളയാളാണ് ഷബീര്‍.












Click it and Unblock the Notifications