പെരിയാറിലെ വെള്ളം വില്‍ക്കും: മന്ത്രി
തിരുവനന്തപുരം: പെരിയാറിലെ വെള്ളം വ്യവസായങ്ങള്‍ക്ക് വില്‍ക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോവുമെന്ന് ജലസേചനമന്ത്രി ടി. എം. ജേക്കബ് അറിയിച്ചു.
പദ്ധതിയ്ക്ക് നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് അനുമതി നല്‍കിയത്. ഈ പദ്ധതിയുമായി മുന്നോട്ടുപോവാനാണ് തീരുമാനമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ജേക്കബ് പറഞ്ഞു. പദ്ധതിയ്ക്ക് നായനാര്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന്റെ രേഖകള്‍ ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ ഹാജരാക്കി.
97 മാര്‍ച്ച് മൂന്നിന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് പദ്ധതിയ്ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചത്. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനാണ് പദ്ധതി നിര്‍ദേശം തയ്യാറാക്കിയത്. പദ്ധതി നടപ്പിലാക്കാന്‍ വ്യവസായ വികസന കോര്‍പ്പറേഷനും വാട്ടര്‍ അതോറിറ്റിയും ചേര്‍ന്ന് കൊച്ചി വ്യവസായ ജല വിതരണപദ്ധതി നടപ്പിലാക്കാന്‍ പൊതു-സ്വകാര്യ കമ്പനി രൂപീകരിക്കാനും ഇതുസംബന്ധിച്ച് പഠനത്തിനായി ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനെ ഏല്പിക്കാനുമാണ് മന്ത്രിസഭ തീരുമാനിച്ചത്. ഇതുസംബന്ധിച്ച രേഖയില്‍ നായനാരും ചീഫ് സെക്രട്ടറിയും ഒപ്പുവെച്ചിട്ടുണ്ട്.
പെരിയാറില്‍ നിന്ന് പ്രതിദിനം 20 കോടി ലിറ്റര്‍ വെള്ളം കൊച്ചിയിലെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യുകയെന്നതാണ് പദ്ധതി.
10 ശതമാനം വെള്ളം വാട്ടര്‍ അതോറിറ്റിക്ക് നല്‍കുക, 20 വര്‍ഷത്തിന് ശേഷം പദ്ധതി തിരികെ ഏല്പിക്കുക, വെള്ളത്തിന്റെ വില നിശ്ചയിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികളുള്‍പ്പെടുന്ന ബോര്‍ഡ് രൂപീകരിക്കുക എന്നീ നിബന്ധനകള്‍ പദ്ധതി ഏറ്റെടുക്കാന്‍ മുന്നോട്ടുവന്ന കമ്പനികള്‍ക്ക് മുന്നില്‍ വെച്ചിട്ടുണ്ട്.
മലമ്പുഴ അണക്കെട്ടില്‍ നിന്നുള്ള വെള്ളം വില്‍ക്കാന്‍ പദ്ധതിയില്ലെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications