കയ്യേറിയത് വനഭൂമിയല്ല, തരിശുഭൂമി: ജാനു
കല്പറ്റ: വയനാട്ടിലെ മുത്തങ്ങ റെയ്ഞ്ചിലെ എണ്‍പത് പ്ലാന്റേഷനില്‍ തങ്ങള്‍ കയ്യേറിയത് വനഭൂമിയല്ലെന്നും തരിശുഭൂമിയാണെന്നും ആദിവാസി ഗോത്രസഭാ നേതാവ് സി. കെ. ജാനു പറഞ്ഞു.
ഈ പ്രദേശം വന്യജീവി സങ്കേതത്തിന്റേതാണെന്ന് പറയുന്നുണ്ടെങ്കിലും ഇവിടെ കാടില്ല. യൂക്കാലിപ്റ്റസ് വെച്ചുപിടിപ്പിക്കാനായി വെട്ടിവെളുപ്പിച്ച ഭൂമിയാണ് തങ്ങള്‍ കയ്യേറിയത്. കാട് നിലനില്‍ക്കണം എന്ന ആഗ്രഹമുള്ളതുകൊണ്ടാണ് വനഭൂമി കൈയേറാതെ തരിശുഭൂമി കയ്യേറിയത്- ജാനു വ്യക്തമാക്കി.
അതിനിടെ ഡിസംബര്‍ ഏഴ് ചൊവാഴ്ച ചര്‍ച്ചയ്ക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താന്‍ ആദിവാസി നേതാക്കള്‍ വിസമ്മതിച്ചു. മുഖ്യമന്ത്രി എ. കെ. ആന്റണിയുമായി മാത്രമേ ചര്‍ച്ചയുള്ളൂ എന്ന നിലപാടിലാണ് ആദിവാസി നേതാക്കള്‍.
ആദിവാസികള്‍ ഭൂമി കൈയേറിയ സ്ഥലത്ത് ചെറിയ പൊലീസ് സംഘം മാത്രമേയുള്ളൂ. ആദിവാസികളെ ഉടനൊഴിപ്പിക്കേണ്ടതില്ലെന്നാണ് അധികൃതരുടെ നിലപാടെന്നാണ് അറിയുന്നത്.


Click it and Unblock the Notifications