വാസ്തു: ജര്‍മ്മന്‍ പേറ്റന്റിനെതിരെ കേരളം
തിരുവനന്തപുരം: ഇന്ത്യയുടെ പരമ്പരാഗത കെട്ടിടനിര്‍മാണ ശൈലിയായ വാസ്തുവിന്റെ പേരില്‍ ഒരു ജര്‍മന്‍ കമ്പനി പേറ്റന്റെടുത്തതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ലോക ബൗദ്ധിക സ്വത്ത് സംഘടനയെയും മറ്റ് അന്തര്‍ദേശീയ ഏജന്‍സികളെയും സമീപിക്കും.
പുതുതായി കണ്ടുപിടിച്ച ഒരു ഉത്പന്നമോ അറിവോ അല്ലാത്തതിലനാല്‍ വാസ്തുവിന് പേറ്റന്റെടുക്കാന്‍ പറ്റില്ലെന്ന് സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയന്‍ പറഞ്ഞു. ഇന്ത്യയുടെ പരമ്പരാഗത അറിവുകളില്‍ വിദേശത്ത് പേറ്റന്റെടുക്കുന്നത് ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കും.
വാസ്തുവിന്റെ പേരില്‍ ജര്‍മന്‍ കമ്പനി പേറ്റന്റെടുത്തതുകൊണ്ട് വാസ്തുവില്‍ നമുക്കുള്ള നിയമപരമായ അവകാശങ്ങള്‍ ഇല്ലാതാവില്ലെന്ന് സാംസ്കാരിക സെക്രട്ടറി ടി. ബാലകൃഷ്ണന്‍ പറഞ്ഞു.
അതേ സമയം ലോകവ്യാപാര സംഘടനയുടെ നിയമങ്ങള്‍ അനുസരിച്ച് വാണിജ്യ സംരംഭങ്ങളില്‍ വാസ്തുവെന്ന പേര് ഉപയോഗിക്കുന്നതില്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തുമെന്ന് ദില്ലിയിലെ വാസ്തു ശാസ്ത്ര ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ അശ്വിനി ബന്‍സാല്‍ പറഞ്ഞു. എന്നാല്‍ നമ്മുടെ പരമ്പരാഗത അറിവുകള്‍ ഇത്തരത്തില്‍ പേറ്റന്റ് ചെയ്യാനാവില്ലെന്ന് ഒരു ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു.












Click it and Unblock the Notifications