കൊക്ക-കോള കൂടുതല്‍ നിക്ഷേപം നടത്തുന്നു
പാലക്കാട്: കൊക്ക-കോള കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് കമ്പനി അധികൃതര്‍ സൂചിപ്പിച്ചു.
ദക്ഷിണേന്ത്യയില്‍ 4.5 കോടി ഡോളറിന്റെ നിക്ഷേപം കൂടി നടത്താന്‍ കമ്പനിയ്ക്ക് പദ്ധതിയുണ്ടെന്ന് കമ്പനി ഡയറക്ടര്‍ (കമ്യൂണിക്കേഷന്‍സ്) നന്തൂ ബാനര്‍ജി, ജനറല്‍ മാനേജര്‍ മോറിസ് വില്‍സണ്‍ എന്നിവര്‍ അറിയിച്ചു.
നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികളില്‍ ഇളനീര്‍ വില്പനയും പെടും. അഞ്ച് രൂപ വിലയുള്ള കോളയുടെ ചെറിയ പാക്കറ്റുകള്‍ വിപണിയിലിറക്കുന്നതിനും പദ്ധതിയുണ്ട്.
കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് കൊക്ക- കോള പാലക്കാട്ടെ പ്ലാച്ചിമടയില്‍ പ്ലാന്റ് തുടങ്ങിയത്. അഞ്ഞൂറു പേര്‍ക്കാണ് പ്ലാന്റില്‍ ജോലി നല്‍കുന്നത്. എല്ലാ വര്‍ഷവും സര്‍ക്കാരിന് നികുതിയിനത്തില്‍ 30 കോടി രൂപ കമ്പനി നല്‍കുന്നുണ്ട്.
വൈദ്യുതിയും വെള്ളവും നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് പാലിച്ചിട്ടില്ല. 50 ലക്ഷം രൂപയുടെ ഡിപ്പോസിറ്റ് നല്‍കിയിട്ടും വൈദ്യുതി ബോര്‍ഡ് ഇതുവരെ ഹൈ ടെന്‍ഷന്‍ കണക്ഷന്‍ നല്‍കിയിട്ടില്ല.
പ്ലാന്റില്‍ അമിതമായി വെള്ളം ഉപയോഗിക്കുന്നതു കൊണ്ടാണ് പരിസര പ്രദേശങ്ങളിലെ കിണറുകളില്‍ വെള്ളത്തിന് ദൗര്‍ലഭ്യം വന്നതെന്ന ആരോപണം ശരിയല്ല. മറ്റ് വ്യവസായങ്ങള്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നുണ്ട്.
ഫാക്ടറിയ്ക്ക് അടുത്ത് താമസിക്കുന്ന 700ഓളം കുടുംബങ്ങളില്‍ അഞ്ചോ ആറോ കുടുംബങ്ങള്‍ മാത്രമേ വെള്ളം കിട്ടുന്നില്ലെന്നതിന്റെ പേരില്‍ പ്രശ്നങ്ങളുണ്ടാക്കിയിട്ടുള്ളൂ. കുറഞ്ഞ മഴ ലഭിച്ചതു കൊണ്ടാണ് യഥാര്‍ഥത്തില്‍ കിണറുകളില്‍ വെള്ളം കുറഞ്ഞത്- അവര്‍ പറഞ്ഞു.












Click it and Unblock the Notifications