ഇറാഖ് ആക്രമണം: ബ്രിട്ടനില്‍ എതിര്‍പ്പ്
ലണ്ടന്‍:ഇറാഖിനെ ആക്രമിക്കുന്നതില്‍ ലണ്ടനില്‍ അതിശക്തമായ എതിര്‍പ്പുയരുന്നു. സ്വന്തം പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ ഇറാഖിനെ ആക്രമിക്കുന്നതില്‍ നിന്നും പിന്‍മാറണമെന്ന് പ്രധാനമന്ത്രി ടോണി ബ്ലെയറിനെ താക്കീത് നല്കിയിരിക്കുകയാണ്.
ഐക്യരാഷ്ട്രസമിതിയുടെ അനുമതിയില്ലാതെ യാതൊരു കാരണവശാലും ഇറാഖിനെ ആക്രമിക്കരുതെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്ക്കുകയാണ് ലേബര്‍ പാര്‍ട്ടി നേതാക്കള്‍. ലേബര്‍ പാര്‍ട്ടിയുടെ 74 ചെയര്‍മാന്‍മാരില്‍ 69 ശതമാനം പേരും ഇറാഖിനെ ആക്രമിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നു.
സണ്ടേ ടെലഗ്രാഫ് പത്രം നടത്തിയ സര്‍വേയിലാണ് പാര്‍ട്ടി ചെയര്‍മാന്‍മാര്‍ ഈ അഭിപ്രായം പ്രകടിപ്പിക്കുന്നത്. ഇറാഖിനെ ആക്രമിച്ചാല്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുമെന്ന അഭിപ്രായമാണ് പാര്‍ട്ടി ചെയര്‍മാന്‍മാര്‍ക്കുള്ളത്. തങ്ങളും ഈ പ്രശ്നത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുമെന്ന് അഞ്ച് ശതമാനം ചെയര്‍മാന്‍മാരും അഭിപ്രായപ്പെടുന്നു.
അതേ സമയം ബ്രിട്ടന്റെ നാവികസേന അവരുടെ പ്രധാന പടക്കപ്പലുകളിലൊന്നായ ആര്‍ക് റോയലിനെ ഗള്‍ഫിലേക്ക് നിയോഗിച്ചുകഴിഞ്ഞു. 800 സൈനികരും ഈ കപ്പലിലുണ്ട്. കഴിഞ്ഞ രണ്ട് ദശകത്തിനിടയില്‍ ഇതാദ്യമായാണ് ഇത്രയും നാവികപ്പടയാളികളുമായി കപ്പല്‍ ഗള്‍ഫിലേക്ക് നീങ്ങുന്നത്.












Click it and Unblock the Notifications