തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ക്ക് ജാമ്യം
ദില്ലി: ആറ് മാസക്കാലത്തെ ജയില്‍വാസത്തിന് ശേഷം തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ക്ക് ജാമ്യം. ജനവരി 13 തിങ്കളാഴ്ചയാണ് സുപ്രീം കോടതി തടവില്‍ കഴിഞ്ഞിരുന്ന തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ കുമാര്‍ ബാദലിന് ജാമ്യം അനുവദിച്ചത്.
ഉത്തര്‍ പ്രദേശിലെ റിസര്‍വ് വനങ്ങളിലെ മൃഗവേട്ട റിപ്പോര്‍ട്ട് ചെയ്യാനായി മൃഗവേട്ടയ്ക്ക് വേട്ടക്കാരെ പ്രേരിപ്പിച്ചു എന്ന കുറ്റത്തിനാണ് കുമാര്‍ ബാദലിനെ അറസ്റ് ചെയ്തത്. ജാമ്യത്തിനായി കുമാര്‍ ബാദലിന് സുപ്രീം കോടതിയ്ക്ക് മുന്നില്‍ 50,000 രൂപയുടെ ഈടും തുല്യ തുകയ്ക്കുള്ള രണ്ടാളുകളുടെ ഉറപ്പും നല്‍കേണ്ടിവന്നു.
കുമാര്‍ ബാദലിന് ജാമ്യം നല്കരുതെന്ന സിബിഐയുടെ വാദം സുപ്രീംകോടതി ജസ്റിസുമാരായ എന്‍. സന്തോഷ് ഹെഗ്ഡെയും ബി.പി. സിംഗും തള്ളി. കേസന്വേഷണത്തില്‍ സിബിഐ വരുത്തുന്ന കാലതാമസത്തെ കോടതി പരിഹസിച്ചു. അന്വേഷണം പൂര്‍ത്തിയാക്കണമെങ്കില്‍ സിബിഐയ്ക്ക് 24 മണിക്കൂറിനുള്ളില്‍ അത് ചെയ്യാവുന്നതേയുള്ളൂ. അല്ലെങ്കില്‍ അന്വേഷണം 24 വര്‍ഷക്കാലം തുടരുകയുമാവാം.- ജഡ്ജിമാര്‍ പറഞ്ഞു.
ദില്ലിയില്‍ തന്നെ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. എല്ലാ മാസത്തെയും ആദ്യ തിങ്കളാഴ്ച സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ എം.സി. സാഹ്നിയ്ക്കു മുമ്പാകെ ഹാജരാകാനും കുമാര്‍ ബാദലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വന്യജീവി സംരക്ഷണ നിയമം, ആയുധ നിയമം എന്നീ വകുപ്പുകളിലാണ് കുമാര്‍ ബാദലിനെതിരെയുള്ള കേസ്. ഉത്തര്‍പ്രദേശിലെ റിസര്‍വ്വനമായ ഷാജഹാന്‍പൂരില്‍ മൃഗവേട്ട വീഡിയോക്യാമറയില്‍ പകര്‍ത്തിയെന്നതാണ് കുറ്റം. നേരത്തെ അലഹബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വിധി കേള്‍ക്കാന്‍ നോബല്‍ സമ്മാന ജേതാവ് വി.എസ്. നയ്പോളും ഭാര്യ നാദിറ നയ്പോളും കോടതിയില്‍ എത്തിയിരുന്നു. നേരത്തെ പ്രതിരോധ മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ രാജിയില്‍ കലാശിച്ച ആയുധക്കോഴാ അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവന്നതിന്റെ പേരില്‍ തെഹല്‍ക്ക റിപ്പോര്‍ട്ടര്‍മാരെ സര്‍ക്കാര്‍ വേട്ടയാടുന്നതായി പരാതിയുണ്ടായിരുന്നു. തെഹല്‍ക്കയ്ക്ക് വേണ്ടി പണം മുടക്കിയത് ഓഹരികുംഭകോണക്കേസില്‍ ഉള്‍പ്പെട്ട ഒരാളായതിനാല്‍ അതിന്റെ പേരില്‍ തെഹല്‍ക്ക ഓഫീസില്‍ കൂടെക്കൂടെ റെയ്ഡും നടന്നിരുന്നു. തുടര്‍ച്ചയായ റെയ്ഡുകളും റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരായ കേസുകളും മൂലം സാമ്പത്തിക പ്രയാസങ്ങള്‍ താങ്ങാനാവാതെ 2002ല്‍ തെഹല്‍ക്ക അവരുടെ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.
തെഹല്‍ക്ക പുറത്തുകൊണ്ടുവന്ന അഴിമതിക്കഥകളെക്കുറിച്ച് അന്വേഷിക്കുന്ന ഏകാംഗകമ്മീഷനെ സര്‍ക്കാര്‍ ഉയര്‍ന്ന പദവികള്‍ വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ടായിരുന്നു. ഈ ആരോപണത്തെ തുടര്‍ന്ന് തെഹല്‍ക്ക കുംഭകോണക്കേസ് അന്വേഷിച്ചിരുന്ന റിട്ട. ജസ്റിസ് വെങ്കടസ്വാമി രാജിവയ്ക്കുകയും ചെയ്തു.












Click it and Unblock the Notifications