ഇന്‍ഫോസിസ് കൊച്ചിയില്‍ കൊണ്ടുവരാന്‍ ശ്രമം
കൊച്ചി: കേരളത്തില്‍ സോഫ്റ്റ്വേര്‍ വികസന കേന്ദ്രം തുടങ്ങുന്ന ഇന്‍ഫോസിസിനെ കൊച്ചിയിലേക്ക് ആകര്‍ഷിക്കാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ശ്രമമാരംഭിച്ചു.
തിരുവനന്തപുരത്ത് കേന്ദ്രം തുടങ്ങാനാണ് ഇന്‍ഫോസിസ് അധികൃതര്‍ക്ക് താത്പര്യമെന്ന് സൂചന ലഭിച്ചതിനിടെയാണ് കമ്പനിയെ കൊച്ചിയിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമം.
മേയര്‍ ദിനേശ് മണി ചെയര്‍മാനായി ഒരു സമിതി ഇതിനായി രൂപീകരിക്കും. കൊച്ചിയിലെ പ്രമുഖ സംരംഭകരും ഉന്നതോദ്യോഗസ്ഥരും സമിതിയില്‍ അംഗങ്ങളായിരിക്കും. ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണമൂര്‍ത്തിയുമായി സംഘം അടുത്തുതന്നെ കൂടിക്കാഴ്ച നടത്തും. കൊച്ചിയിലെ അതിവേഗ ഇന്റര്‍നെറ്റ് ബന്ധമാണ് പ്രധാന ആകര്‍ഷണമായി കോര്‍പ്പറേഷന്‍ മുന്നോട്ട് വയ്ക്കുന്നത്.
കാമ്പസ് സ്ഥാപിക്കുന്നതിനായി 25 ഏക്കര്‍ വീതമുള്ള രണ്ട് സ്ഥലങ്ങള്‍ ഇതിനകം കോര്‍പ്പറേഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു സ്ഥലം ബൈപാസിനടുത്തും മറ്റൊന്ന് വെല്ലിംഗ്ടണ്‍ ദ്വീപിലിലെ തെക്കന്‍ ഭാഗത്തുമാണ്. വെല്ലിംഗ്ടണ്‍ ദ്വീപിലെ തെക്കുഭാഗത്ത് 25 ഏക്കര്‍ അനുവദിക്കുന്നതിന് കോര്‍പ്പറേഷന്‍ അധികൃതര്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റിനെ സമീപിക്കും.
കൊച്ചി ഈ ദിശയില്‍ ശ്രമങ്ങള്‍ തുടങ്ങിയ സാഹചര്യത്തില്‍ ഇനി തിരുവനന്തപുരവും വെറുതേയിരിയ്ക്കുകയില്ല. പക്ഷേ ഇന്‍ഫോസിസിന് നല്‍കാനായി സര്‍ക്കാര്‍ തിരുവനന്തപുരത്ത് കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങള്‍ ഒന്നും തന്നെ കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്നതല്ല. അതുകൊണ്ട് മത്സരത്തിന് കോര്‍പ്പറേഷന്‍ ശ്രമം നടത്തുകയില്ല. രണ്ട് സ്ഥലങ്ങളും പഞ്ചായത്തുകളിലാണ്. ഒന്ന് കഴക്കൂട്ടം പഞ്ചായത്തിലും മറ്റൊന്ന് ആക്കുളം പഞ്ചായത്തിലുമാണ്.
കമ്പനി സ്ഥാപിയ്ക്കുന്ന പ്രദേശത്ത് വികസനം ഉണ്ടാവുമെന്നത് മാത്രമല്ല കൊച്ചി കോര്‍പ്പറേഷന്റെ താല്പര്യത്തിന് കാരണം. സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ തൊഴില്‍ നികുതി നല്‍കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണ്. സോഫ്റ്റ്വേര്‍ കമ്പനികള്‍ താരതമ്യേന മെച്ചപ്പെട്ട ശമ്പളം നല്‍കുന്നതുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ഇത് ഒരു നല്ല വരുമാനമാവും. ഇതുകൂടിയാണ് കൊച്ചി കോര്‍പ്പറേഷന്‍ ഇന്‍ഫോസിസിനെ കൊച്ചിയിലേയ്ക്ക് കൊണ്ട് വരാന്‍ ശ്രമം നടത്തുന്നതിന് പിന്നിലെ രഹസ്യം. മാത്രമല്ല ഇന്‍ഫോസിസ് കൊച്ചിയില്‍ തുടങ്ങിയാല്‍ അതുകണ്ട് മറ്റേതെങ്കിലും കമ്പനിയും ഇതേ പ്രദേശത്ത് തന്നെ തങ്ങളുടെ സ്ഥാപനം തുടങ്ങിയേയ്ക്കും.












Click it and Unblock the Notifications