അമേരിക്കന്‍ മതപ്രചാരകനെ ആക്രമിച്ചു
തിരുവനന്തപുരം: കിളിമാനൂരിനടുത്ത് തൊലിക്കുഴി പുലിയത്ത് അമേരിക്കന്‍ മതപ്രചാരകനെ വെട്ടിപ്പരിക്കേല്പിച്ചു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കും പാസ്റര്‍ക്കും ഗായകസംഘത്തിലെ അംഗത്തിനും ആക്രമണത്തില്‍ പരിക്കേറ്റു.
സുവിശേഷ പ്രസംഗത്തിനായെത്തിയ ജോസഫ് ഡബ്ല്യു കൂപ്പറെ (67)യാണ് 10 പേരടങ്ങുന്ന സംഘം ജനവരി 13 തിങ്കളാഴ്ച രാത്രി വെട്ടിപ്പരിക്കേല്പിച്ചത്. അക്രമവുമായി ബന്ധപ്പെട്ട് രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകരെ കിളിമാനൂര്‍ പൊലീസ് കസ്റഡിയിലെടുത്തു. മറ്റ് അക്രമികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.
പുലിയം ഫ്രണ്ട്സ് ബൈബിള്‍ ചര്‍ച്ച് കുപ്പം പട്ടികജാതി-പട്ടികവര്‍ഗ കോളനിയില്‍ നടത്തിയ സുവിശേഷ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് മതപ്രചാരകനെയും കൂട്ടരെയും ആക്രമിച്ചത്. പടക്കമെറിഞ്ഞ് സംഘത്തെ തടഞ്ഞുവെച്ചാണ് അക്രമം നടത്തിയത്.
ജോസഫ് കൂപ്പറെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ ആനിബെന്‍സന്‍ (34), മക്കളായ ജോബെന്‍സണ്‍ (12), ജുഡിത്ത് (ആറ്), പാസ്റര്‍ ടി. ബെന്‍സണ്‍ (37), ഗായകസംഘത്തിലെ അംഗമായ മേഴ്സി (21) എന്നിവരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതിനിടെ ആര്‍ എസ് എസ് പ്രവര്‍ത്തകരെ കസ്റഡിയിലെടുത്തതിനെതിരെ ആര്‍ എസ് എസ് നടത്തിയ ജാഥയെ തുടര്‍ന്ന് കിളിമാനൂരില്‍ സംഘര്‍ഷാവസ്ഥയുണ്ടായി.












Click it and Unblock the Notifications