ഐഐടിയ്ക്ക് ബില്‍ ഗേറ്റ്സിന്റെ പ്രശംസ
കുപ്പര്‍ടിനോ: ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസകേന്ദ്രമെന്ന് മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ ഗേറ്റ്സ്. ഐഐടിയ്ക്ക് 50 വയസ്സുതികയുന്നതോടനുബന്ധിച്ച് സിലിക്കണ്‍വാലിയില്‍ നടന്ന ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബില്‍ ഗേറ്റ്സ്.
അവിശ്വസനീയമായ വിദ്യാഭ്യാസസ്ഥാപനമാണത്. എല്ലാ അര്‍ത്ഥത്തിലും അതുല്ല്യമായ സ്ഥാപനം. ഐഐടിയുടെ പ്രതിഫലനം ലോകമെങ്ങും കാണാം. - ബില്‍ ഗേറ്റ്സ് പറഞ്ഞു.
ഐഐടികളുടെ പാരമ്പര്യത്തില്‍ നിന്ന് കമ്പ്യൂട്ടര്‍ വ്യവസായം ഏറെ നേട്ടങ്ങള്‍ കൊയ്തു. മൈക്രോസോഫ്റ്റില്‍ ഐഐടിയില്‍ നിന്നുള്ള രണ്ടുപേര്‍ വൈസ് പ്രസിഡന്റ് തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഐഐടിക്ക് അഭിനന്ദനം ചൊരിഞ്ഞുകൊണ്ട് സിസ്കോയുടെ പ്രസിഡന്റ് ജോണ്‍ ചേംബറും ആമസോണ്‍ ഉടമ ജെഫ് ബെസോസും അയച്ച സന്ദേശങ്ങള്‍ യോഗത്തില്‍ വായിച്ചു. ഐഐടി ലോകത്തിന്റെ നിധിയാണ്. ലോകത്തിലെ തന്നെ മികച്ചവയില്‍ ഒന്നാണ് ഐഐടി സംവിധാനം. - ജോണ്‍ ചേംബര്‍ സന്ദേശം ഇതായിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഐഐടി പൂര്‍വവിദ്യാര്‍ത്ഥികള്‍ യോഗത്തില്‍ പങ്കെടുത്തു. ദില്ലി ഐഐടിയിലെ പൂര്‍വ വിദ്യാര്‍ത്ഥിയും മകന്‍സിയില്‍ മാനേജിംഗ് ഡയറക്ടറുമായ രജത് ഗുപ്ത ഉപനിഷത്തിലെ ഒരു ശ്ലോകം ചൊല്ലിക്കൊണ്ടാണ് യോഗം ആരംഭിച്ചത്. ലോകത്തില്‍ ഒരു വിദ്യാഭ്യാസസ്ഥാപനം 50 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത്രയും നേടിയിട്ടുണ്ടാവില്ല. നേട്ടങ്ങളുടെ കാര്യത്തില്‍ സ്ഥിരതയുള്ള ഇത്രയും നല്ല ഒരു ബ്രാന്റ് പ്രതിച്ഛായ ഒരു ഇന്‍സ്റിറ്റ്യൂട്ടും നേടിയിട്ടുണ്ടാവില്ല. - ഗുപ്ത പറഞ്ഞു.
ഐഐടിയിലെ ഗവേഷണങ്ങളെ മൈക്രോസോഫ്റ്റ് സഹായിക്കുന്നുണ്ടെന്ന് ബില്‍ ഗേറ്റ്സ് പറഞ്ഞു. മൈക്രോസോഫ്റ്റ് ധനസഹായം നല്കുന്ന ലോകത്തിലെ രണ്ട് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഒന്നാണ് ഐഐടി. രണ്ടാമത്തേത് ബ്രിട്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാലയാണ്.
ഡിജിറ്റല്‍ ജീവിതശൈലി എന്ന തന്റെ സങ്കല്പവും ബില്‍ ഗേറ്റ്സ് യോഗത്തില്‍ വിവരിച്ചു. ഈ ദശകം ഡിജിറ്റല്‍ ദശകമാണ്. അത് നമ്മുടെ ജീവിതശൈലിയെ ആകെ മാറ്റിമറിക്കുകയും ചെയ്യും. - ബില്‍ ഗേറ്റ്സ് പറഞ്ഞു.
വെള്ളവും വൈദ്യുതിയും ലഭിക്കുന്നതുപോലെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ വേണ്ടുവോളം ലഭിക്കുകയും ചെയ്യും. ഇന്റര്‍നെറ്റിലൂടെയുള്ള സേവനം ഉപയോഗിച്ച് ഉപകരണങ്ങള്‍ പരസ്പരം സംസാരിച്ചുതുടങ്ങും. - ബില്‍ ഗേറ്റ്സ് പറഞ്ഞു.
ഇന്ത്യയുടെ ഭാവി എന്താകും? - ഈ ചോദ്യത്തിന് ബില്‍ ഗേറ്റ്സ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ചൈനയെയും ഇന്ത്യയെയും താരതമ്യം ചെയ്യാമോ എന്ന ചോദ്യത്തിന് ബില്‍ ഗേറ്റ്സിന്റെ മറുപടി ഇതായിരുന്നു: ഐടി സേവനങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ബഹുദൂരം മുന്നിലാണ്. പക്ഷെ ഐടി സാമഗ്രികളുടെ ഉല്പാദനത്തിന്റെ കാര്യത്തില്‍ ചൈനയും ബഹുദൂരം മുന്നിലാണ്. ഈ രണ്ടു രാജ്യങ്ങളെ എന്തിനാണ് പരസ്പരം താരതമ്യം ചെയ്യുന്നത്?- ബില്‍ ഗേറ്റ്സ് ചോദിച്ചു.












Click it and Unblock the Notifications