മതപരിവര്‍ത്തനം ആവശ്യമില്ല : ശ്രീശ്രീ
ബാംഗ്ലൂര്‍: മതപരിവര്‍ത്തനം മതസൗഹാര്‍ദ്ദത്തിനെതിരാണെന്നും അത് തെറ്റാണെന്നും ശ്രീ ശ്രീ രവിശങ്കര്‍. ഒരു മതത്തില്‍ നിന്നും മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം നടത്തേണ്ട ആവശ്യമില്ല. കാരണം ഇത്വഴി നിങ്ങള്‍ ഒരു മതത്തെ അധിക്ഷേപിക്കുകയാണ്. ഒരു മതം മറ്റൊരു മതത്തേക്കാള്‍ മെച്ചപ്പെട്ടതാണെന്ന് പറയുകയാണ്. - ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.
മതവിശ്വാസം പിന്തുടരാനുള്ള സ്വാതന്ത്യ്രം മതപരിവര്‍ത്തനത്തിനുള്ള സ്വാതന്ത്യ്രമല്ലെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷനില്‍ നാല് ദിവസമായി നടന്നുവരുന്ന ആത്മീയസമ്മേളനത്തിന് സമാപനംകുറിച്ചുകൊണ്ട് ജനവരി 20 തിങ്കളാഴ്ച സംസാരിക്കുകയായിരുന്നു ശ്രീ ശ്രീ രവിശങ്കര്‍.
മതപരിവര്‍ത്തനത്തിന്റെ പേരില്‍ രാജ്യത്താകമാനം നടക്കുന്ന സംഘര്‍ഷങ്ങള്‍ എങ്ങിനെ കുറയ്ക്കാം?- രവിശങ്കറോട് ഒരു അനുയായിയുടെ ചോദ്യം ഇതായിരുന്നു. മതങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍, സൗഹൃദസംഭാഷണങ്ങള്‍ ഇത്തരം സംഘര്‍ഷങ്ങളെ ലഘൂകരിക്കാനുതകും. എല്ലാവരും എല്ലാ മതങ്ങളെക്കുറിച്ചും അല്പാല്പം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.- ചെറുപുഞ്ചിരിയോടെ രവിശങ്കറുടെ മറുപടി.
നാല് ദിവസത്തെ ആത്മീയസമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയവര്‍ പങ്കെടുത്തിരുന്നു. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തുക വഴി ലോകത്തെ വെറുപ്പിന്റെയും സംഘര്‍ഷത്തിന്റെയും അളവ് കുറയ്ക്കുക എന്നതായിരുന്നു സമ്മേളനത്തിന്റെ മുഖ്യചര്‍ച്ചാവിഷയം. അതുവഴി കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനാവും എന്നതാണ് സമ്മേളനത്തിന്റെ കണക്കുകൂട്ടല്‍.
മനുഷ്യരാശിയുടെ ഐക്യം എന്നതായിരുന്നു സമ്മേളനത്തിന്റെ സന്ദേശം. നല്ലത് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന പ്രതീക്ഷ സമ്മേളനം നല്കി. സ്നേഹനിര്‍ഭരമായ, സൗഹൃദത്തിലൂന്നിയ ഒരു സമൂഹം എന്ന സ്വപ്നമാണ് ഇവിടെ പങ്കെടുത്തവരുടെ ഹൃദയത്തിലുണര്‍ന്നത്. - രവിശങ്കര്‍ പറഞ്ഞു.
ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറം യോഗത്തില്‍ താന്‍ പ്രഭാഷണം നടത്തുമെന്നും രവിശങ്കര്‍ പറഞ്ഞു.












Click it and Unblock the Notifications