എല്ലാ മൗലികവാദികളെയും നിയന്ത്രിക്കണം: സേഠ്
മധുരൈ: മതവിഭാഗീയത കാട്ടാതെ എല്ലാ തരം മൗലികവാദികളെയും നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്വരണമെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് നേതാവ് ഇബ്രാഹിം സുലൈമാന്‍ സേഠ്. എങ്കിലേ സമാധാന അന്തരീക്ഷം സ്ഥാപിക്കാന്‍ കഴിയൂ. - അദ്ദേഹം പറഞ്ഞു.
ജനവരി 20 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിലൂടെ മാത്രമേ എല്ലാ വിഭാഗങ്ങള്‍ക്കും തുല്ല്യനീതി നല്കാന്‍ കഴിയൂ. ഹിന്ദു ഫാസിസ്റായാലും മുസ്ലിം ഫാസിസ്റായാലും അവരെ ഒരു പോലെ നിലയ്ക്കുനിര്‍ത്താന്‍ കേന്ദ്രത്തിന് കഴിയണം. - അദ്ദേഹം പറഞ്ഞു.
അതേ സമയം വിഎച്ച്പി നേതാക്കളായ അശോക് സിംഗാളും പ്രവീണ്‍ തൊഗാഡിയയും നിയമത്തിന്റെ കരങ്ങളില്‍ നിന്ന് രക്ഷപ്പെടുകയാണ്. അവര്‍ എത്ര പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയാലും പ്രശ്നമില്ലെന്നതാണ് സ്ഥിതി.
ഹിന്ദുത്വവും മതേതരത്വവും ഒന്നാണെന്ന പ്രധാനമന്ത്രിയുടെ വാദത്തെ അദ്ദേഹം നിഷേധിച്ചു. മുസ്ലിങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും എതിരെ ഹിന്ദുത്വ കാര്‍ഡ് കുറെക്കാലമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഗുജറാത്തില്‍ കൂട്ടക്കൊലയ്ക്കും അക്രമങ്ങള്‍ വളര്‍ത്താനും ഹിന്ദുത്വ നയം ഉപയോഗിച്ചു. പിന്നെ ഹിന്ദുത്വവും മതേതരത്വവും ഒന്നാണെന്ന് പറയുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. - അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ സൗകര്യങ്ങള്‍ കുറഞ്ഞതിനാല്‍ മുസ്ലിങ്ങള്‍ തൊഴില്‍ രഹിതരാണ്. മുസ്ലിം സമുദായത്തിന് തൊഴിലും വിദ്യാഭ്യാസവും നല്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ കടമയാണ്. - അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications