മൂന്നുദിവസം, മൊബൈല്‍ ബില്‍ 25 ലക്ഷം
കൊച്ചി: മൂന്നു ദിവസത്തിനുള്ളില്‍ മൊബൈലില്‍ 25 ലക്ഷം രൂപയുടെ കാളുകള്‍ വിളിച്ച് മുങ്ങിയ യുവാക്കളെ പൊലീസ് തിരയുന്നു. ഇവര്‍ തുക നല്കാതെ മൊബൈല്‍ കമ്പനിയെ കബളിപ്പിച്ചുവെന്ന കേസിലാണ് പൊലീസ് രണ്ടു യുവാക്കളെ തിരയുന്നത്.
കേസില്‍ ദുരൂഹതയുള്ളതിനാല്‍ കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. നിലമ്പൂരിലെ രണ്ട് യുവാക്കളാണ് ഈ കേസിലെ പ്രതികള്‍. നിലമ്പൂര്‍ പൊതിയത്ത് നൗഷാദ്, മഞ്ചേരി ഇടവണ്ണ ചെമ്പക്കുത്ത് പുത്തന്‍വീട്ടില്‍ ഉമ്മര്‍ ബാബു എന്നീ യുവാക്കളാണ് മൂന്നുദിവസത്തിനുള്ളില്‍ 25 ലക്ഷം രൂപയ്ക്കുള്ള കാളുകള്‍ വിളിച്ചത്.
ബിപിഎല്‍ കമ്പനിയില്‍ നിന്നാണ് ഇവര്‍ മൊബൈല്‍ കണക്ഷന്‍ എടുത്തിരുന്നത്. ഇരുവരും വാങ്ങിയ ആറ് മൊബൈല്‍ കണക്ഷനുകളില്‍ നിന്നാണ് ഇത്രയും രൂപയ്ക്കുള്ള കാളുകള്‍ പോയിട്ടുള്ളത്. ഗള്‍ഫ് നാടുകളില്‍ നിന്നുള്ള രാജ്യാന്തര കാളുകളാണ് ഇവയില്‍ ഭൂരിഭാഗവും.
മൂന്നു ദിവസം കൊണ്ട് ഇത്രയും ഫോണ്‍ ബില്‍ വന്നതിനെതുടര്‍ന്ന് ബിപിഎല്‍ ഇവരുടെ കണക്ഷന്‍ റദ്ദാക്കുകയായിരുന്നു. എന്നാല്‍ മൊബൈല്‍ ബില്‍ നല്കാതെ ഇരുവരും മുങ്ങുകയും ചെയ്തു. ഇരുവരും ഗള്‍ഫിലേക്ക് കടന്നിരിക്കാമെന്നാണ് കരുതുന്നത്.
കോയമ്പത്തൂര്‍ അവിനാശി റോഡിലെ ബിപിഎല്‍ മൊബൈല്‍ സെല്ലുലാര്‍ ലിമിറ്റഡില്‍ നിന്നുള്ള നിര്‍ദേശപ്രകാരം എറണാകുളം ഷണ്‍മുഖം റോഡ് ബിപിഎല്‍ സെല്ലുലാര്‍ ഡപ്യൂട്ടി മാനേജര്‍ എച്ച്. ശിവകുമാര്‍ ആണ് പരാതി നല്കിയിരിക്കുന്നത്.












Click it and Unblock the Notifications