പ്രമോദ് മഹാജനും വസുന്ധരെ രാജ സിന്ധ്യയും രാജിവച്ചു
ദില്ലി: കേന്ദ്ര ഐടി- വാര്‍ത്താവിനിമയ മന്ത്രി പ്രമോദ് മഹാജനും മറ്റൊരു കേന്ദ്രമന്ത്രി വസുന്ധരരാജ സിന്ധ്യയും രാജിവച്ചു. കേന്ദ്രമന്ത്രിസഭ അഴിച്ചുപണിയുന്നതിന്റെ ഭാഗമായാണ് ഇരുവരുടെയും രാജി.
മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി കല്‍ക്കരി-ഖനി വകുപ്പ് മന്ത്രി ഉമാഭാരതിയും നിയമ വകുപ്പ് മന്ത്രി ജന കൃഷ്ണ മൂര്‍ത്തിയും നേരത്തെ രാജിവച്ചിരുന്നു.
പ്രമോദ് മഹാജന്റെ വകുപ്പ് ഇനി മുതല്‍ അരുണ്‍ ഷൂറി കൈകാര്യം ചെയ്യും. ഇപ്പോഴത്തെ ഓഹരിവിറ്റഴിക്കല്‍ വകുപ്പിനു പുറമെയാണ് അരുണ്‍ ഷൂറി ഐടി വകുപ്പു കൂടി കൈകാര്യം ചെയ്യുക.
മന്ത്രിയെന്ന ജോലി മാറ്റിവച്ച് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ പ്രമോദ് മഹാജനോട് പ്രധാനമന്ത്രി വാജ്പേയിയും ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയും ഉപദേശിച്ചതിനെ തുടര്‍ന്നാണ് രാജി. നേരത്തെ രാജിവയ്ക്കാന്‍ പ്രമോദ് മഹാജന്‍ വിസമ്മതിച്ചിരുന്നു.
എന്തായാലും ഒടുവില്‍ ബുധനാഴ്ച രാവിലെ പ്രമോദ് മഹാജന്‍ രാജി നല്കി. പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുപോകുന്നത് യാതൊരുവിധത്തിലും തരംതാഴ്ത്തലായി കാണുന്നില്ല. തന്റെ രാജിയ്ക്ക് ശിവാനി ഭാട്നഗര്‍ വധക്കേസ്, ടെലികോം വിവാദം എന്നിവയുമായി യാതൊരു ബന്ധമില്ലെന്നും മഹാജന്‍ പറഞ്ഞു.
നിയമ വകുപ്പ് അരുണ്‍ ജെയ്റ്റ്ലിയ്ക്ക് തിരിച്ചുനല്കി. നേരത്തെ നിയമമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലി പിന്നീട് ആ വകുപ്പ് രാജിവച്ച് പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുകയായിരുന്നു.
രണ്ടോ മൂന്നോ ക്യാബിനറ്റ് മന്ത്രിമാരെ പുതുതായി ഉള്‍പ്പെടുത്തിയേക്കും.
ഉമാഭാരതി മദ്ധ്യ പ്രദേശ് സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധിയ്ക്കും. നടക്കാനിരിയ്ക്കുന്ന മദ്ധ്യപ്രദേശ് സംസ്ഥാന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉമയെ ആയിരിയ്ക്കും ബി. ജെ. പി ഉയര്‍ത്തി കാട്ടുക. ഇതിനാണ് രാജി എന്ന് കരുതുന്നു.
അരുണ്‍ ജെയ്റ്റ്ലി, കേശുഭായി പട്ടേല്‍, ഫറൂഖ് അബ്ദുള്ള, രാജ്നാഥ് സിങ് എന്നിവരെ മന്ത്രിസഭയിലെടുത്തേയ്ക്കും. കേന്ദ്രമന്ത്രിമാരായ ഉമാഭാരതി, വസുന്ധര രാജ സിന്ധ്യ എന്നിവരെ മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തനത്തിനയച്ചിരിക്കുകയാണ്.
ബുധനാഴ്ച വൈകീട്ടായിരിയ്ക്കും സത്യ പ്രതിജ്ഞ എന്ന് കരുതുന്നു. പുതിയ മന്ത്രിമാരെ അവസാനമായി തീരുമാനിയ്ക്കാനായി ബുധനാഴ്ച രാവിലെ പ്രധാനമന്ത്രി വാജ്പേയിയും ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയും ബി.ജെ.പി പ്രസിഡന്റ് വെങ്കയ്യനായിഡുവും മന്ത്രിസഭാ വികസനം സംബന്ധിച്ച ചര്‍ച്ച നടത്തും.












Click it and Unblock the Notifications