എട്ട് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു
ദില്ലി: പുതുതായി കേന്ദ്രമന്ത്രിസഭയില്‍ എട്ട് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജനവരി 29 ബുധനാഴ്ച രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍ കലാം സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
സത്യപ്രതിജ്ഞ ചെയ്തവരില്‍ ആറ് പേര്‍ പുതുമുഖങ്ങളാണ്. രണ്ട് പേര്‍ നേരത്തെ മന്ത്രിമാരായിരുന്നവരാണ്. അരുണ്‍ ജെയ്റ്റ്ലിയും സി.പി. താക്കൂറും. ഇരുവരും ഒരു ഇടവേളയ്ക്ക് ശേഷം നേരത്തെ കൈകാര്യം ചെയ്തിരുന്ന അതേ വകുപ്പുകളിലേക്കാണ് മടങ്ങിയെത്തുന്നത്. സി.പി. താക്കൂര്‍ ആരോഗ്യമന്ത്രിയായും അരുണ്‍ ജെയ്റ്റ്ലി നിയമമന്ത്രിയായും ആണ് ചുമതലയേറ്റത്.
സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി സംഘപ്രിയ ഗൗതം ചുമതലയേറ്റു. ഛത്രപാല്‍ സിംഗ്, ദിലീപ് ഗാന്ധി, ദിലീപ് ജൂഡെ, ജസ്കുര്‍ മീണ, ഭാവന ചിക്ലിയ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മറ്റ് അഞ്ച് കേന്ദ്ര സഹമന്ത്രിമാര്‍.
പ്രധാനമന്ത്രി വാജ്പേയി, ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.
കേന്ദ്രമന്ത്രിസഭ അഴിച്ചുപണിയുന്നതിന്റെ ഭാഗമായി നാല് മന്ത്രിമാര്‍ ബുധനാഴ്ച രാജിവച്ചിരുന്നു. കേന്ദ്ര ഐടി- വാര്‍ത്താവിനിമയ മന്ത്രി പ്രമോദ് മഹാജന്‍, വസുന്ധരരാജ സിന്ധ്യ, കല്‍ക്കരി-ഖനി വകുപ്പ് മന്ത്രി ഉമാഭാരതി, നിയമ മന്ത്രി ജന കൃഷ്ണ മൂര്‍ത്തി എന്നിവരാണ് പ്രധാനമന്ത്രിക്ക് രാജി നല്കിയത്.
ഉമാഭാരതി, വസുന്ധര രാജസിന്ധ്യ, ജനകൃഷ്ണമൂര്‍ത്തി,പ്രമോദ് മഹാജന്‍ എന്നിവരുടെ രാജി ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ്.
ഉമാഭാരതി മദ്ധ്യ പ്രദേശ് സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധിയ്ക്കും. വസുന്ധര രാജ സിന്ധ്യ രാജസ്ഥാനില്‍ ബിജെപി പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കും. പ്രമോദ് മഹാജന്‍ ബിജെപി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കും.












Click it and Unblock the Notifications