നക്കീരന്‍ റിപ്പോര്‍ട്ടര്‍ അറസ്റില്‍
ചെന്നൈ: നക്കീരന്‍ റിപ്പോര്‍ട്ടറെ പൊലീസ് കോയമ്പത്തൂരില്‍ നിന്ന് അറസ്റ് ചെയ്തു. 1998ല്‍ ഒരു യുവാവ് കൊല ചെയ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് നക്കീരന്‍ റിപ്പോര്‍ട്ടറെ പിടിച്ചത്.
കൃഷ്ണകുമാര്‍ എന്ന മകരനെ കോയമ്പത്തൂരിലെ വീട്ടില്‍ നിന്ന് ബുധനാഴ്ച പുലര്‍ച്ചെ 5.30നാണ് പൊലീസ് അറസ്റ് ചെയ്തതെന്ന് നക്കീരന്റെ വക്താവ് പറഞ്ഞു. വീരപ്പനെ പിടിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമാണ് മകരനെ അറസ്റ് ചെയ്തത്.
മകരനും വീരപ്പനും തമ്മിലുള്ള ബന്ധം മാത്രമല്ല, നക്കീരന്‍ എഡിറ്റര്‍ ആര്‍.ആര്‍. ഗോപാലും വീരപ്പനും തമ്മിലുള്ള ബന്ധം കൂടി ചോര്‍ത്തിയെടുക്കാനാണ് അറസ്റെന്നും നക്കീരന്‍ വക്താവ് ആരോപിച്ചു. നടന്‍ രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ മധ്യസ്ഥനായി പ്രവര്‍ത്തിച്ചത് നക്കീരന്‍ എഡിറ്റര്‍ ആര്‍.ആര്‍. ഗോപാലായിരുന്നു.
റിപ്പോര്‍ട്ടറെ പൊലീസ് ശാരീരികമായി പീഡിപ്പിച്ചെന്നും ഇക്കാര്യം കേന്ദ്രത്തിനെയും സംസ്ഥാനസര്‍ക്കാരുകളെയും സുപ്രീംകോടതിയെയും ഉടന്‍ അറിയിക്കുമെന്നും നക്കീരന്‍ വക്താവ് അറിയിച്ചു.
1998ല്‍ ഭക്തവല്‍സലം എന്ന യുവാവ് കൊലചെയ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് പൊലീസ് നക്കീരന്‍ റിപ്പോട്ടറെ അറസ്റ് ചെയ്തത്. റിപ്പോര്‍ട്ടറാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഭക്തവല്‍സലം തന്റെ സുഹൃത്തക്കളോടൊപ്പം വീരപ്പനെ കാണാന്‍ കാട്ടിലേക്ക് പുറപ്പെട്ടു.
എന്നാല്‍ ഭക്തവല്‍സലമൊഴികെ എല്ലാവരും മടങ്ങിയെത്തി. ഭക്തവല്‍സലത്തെ പിന്നീട് കാട്ടില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. ഈ കൊലനടത്തിയത് വീരപ്പനാണെന്ന് ആരോപണമുണ്ടായിരുന്നു. ഭക്തവല്‍സലം റിപ്പോര്‍ട്ടറല്ല, പൊലീസ് ഏജന്റാണെന്ന് അറിഞ്ഞപ്പോള്‍ വീരപ്പന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
ഈ കേസില്‍ വീരപ്പനെ പ്രധാന പ്രതിയായി പൊലീസ് കേസെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മറ്റൊരു നക്കീരന്‍ റിപ്പോര്‍ട്ടര്‍ ശിവസുബ്രഹ്മണ്യം ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications