ഭവാനി: കേരളത്തിന് കേന്ദ്രത്തിന്റെ താക്കീത്
ചെന്നൈ: ഭവാനിപ്പുഴയില്‍ തടയണ കെട്ടാനുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് ഈ ഉത്തരവിട്ടത്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ അസിസ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ ജെ.പി. മിശ്ര കേരളത്തിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കേരള പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ് കണ്‍സര്‍വേറ്റര്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഭവാനി പുഴയുടെ മുക്കാലി വനം സ്റേഷനില്‍ നിന്നും മണ്ണാര്‍ക്കാട് വനം ഡിവിഷനില്‍ അഗളി പഞ്ചായത്തിലെ പന്താന്‍തോടിലേക്ക് തടയണ കെട്ടാന്‍ ബാംഗ്ലൂരിലെ മുഖ്യ വനം കണ്‍സര്‍വേറ്റര്‍ നല്കിയ അനുമതി ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ റദ്ദാക്കുന്നതായി ജെ.പി. മിശ്രയുടെ ഉത്തരവില്‍ പറയുന്നു. ഉടനെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും ഉത്തരവ് സൂചിപ്പിക്കുന്നു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മരം മുറിക്കുന്നതായുള്ള പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഈ ഉത്തരവ്. ഇത് സംബന്ധിച്ച് കോയമ്പത്തൂര്‍-ഈറോഡ് ജില്ലകളിലെ ഭവാനി പുഴ സംരക്ഷണ സര്‍വകക്ഷി സമിതിയുടെ പരാതി ലഭിച്ചതായി മിശ്ര പറഞ്ഞു.
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഒട്ടേറെ വന്‍മരങ്ങള്‍ മുറിച്ചുനീക്കിയതായി സമിതി പരാതിപ്പെട്ടിരുന്നു. ഇത് മണ്ണൊലിപ്പിന് കാരണമാകും. ഭവാനി രണ്ട് സംസ്ഥാനങ്ങളില്‍ കിടക്കുന്ന പുഴയാണ്. തടയണ പണിയുന്നത് തമിഴ്നാട്ടിലെ കര്‍ഷകര്‍ക്ക് ദ്രോഹകരമാകും. - സമിതിയുടെ പരാതിയില്‍ പറയുന്നു. നദീതടങ്ങളിലുള്ള മറ്റ് സംസ്ഥാനങ്ങളുടെ കൂടി അനുമതിയില്ലാതെ നിര്‍മ്മാണം പാടില്ലെന്ന് സൂചിപ്പിച്ച് തമിഴ്നാട് കേന്ദ്ര ജനവിഭവമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.
ഈ പ്രശ്നത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രത്യേക സംഘം പഠിച്ചുവരികയാണ്. അത് പൂര്‍ത്തിയാകുന്നതുവരെ നിര്‍മ്മാണമൊന്നും പാടില്ലെന്ന് മിശ്ര താക്കീത് നല്കുന്നു.












Click it and Unblock the Notifications