സ്വാശ്രയ കോളെജ് സീറ്റ്: പുന:പരിശോധനാ ഹര്‍ജി നല്‍കും
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സംബന്ധിച്ച വിധി പുന:പരിശോധിക്കുന്നതിന് ഹൈക്കോടതിയെ സമീപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും.
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 75 ശതമാനം സീറ്റുകള്‍ മാനേജ്മെന്റ് ക്വാട്ടയാണെന്ന ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുന്നതിന് മുമ്പ് ഹൈക്കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയില്‍ അമ്പത് ശതമാനം സീറ്റുകളില്‍ മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നല്‍കേണ്ടത് അത്യാവശ്യകാര്യമാണ്. ഇക്കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്താനാവും എന്നാണ് സര്‍ക്കാരിന്റെ വിശ്വാസമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമവിദഗ്ധരുടെ അഭിപ്രായം തേടിയിരുന്നു. ഹൈക്കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കാനാണ് വിദഗ്ധര്‍ നിര്‍ദേശിച്ചത്.
സര്‍ക്കാര്‍ തീരുമാനത്തെ അട്ടിമറിക്കാന്‍ രണ്ട് മന്ത്രിമാര്‍ കോളജ് മാനേജ്മെന്റുകളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതാണെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. പ്രവേശനത്തില്‍ കാലതാമസം വന്നതിനാല്‍ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റിന്റെ കാലാവധി നീട്ടും.
അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ക്ലീന്‍ കേരള പദ്ധതി നടപ്പിലാക്കും. ചുങ്കം പിരിക്കുന്നതില്‍ നിന്ന് ഒരു കോടി വരെ മാത്രം ചെലവുള്ള പാലങ്ങളെ ഒഴിവാക്കും. വി. ജെ. കുര്യനെ കൊച്ചി വിമാനത്താവള വികസന സൊസൈറ്റിയുടെയും പി. എച്ച്. കുര്യനെ വ്യവസായ വകുപ്പിന്റെയും ഡയറക്ടറായി നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.












Click it and Unblock the Notifications