യോഗവേദിയില്‍ എം. എ. ബേബിയെ തഴഞ്ഞു
ആലപ്പുഴ: മേധാ പട്കറുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശ് ബനാവോ ദേശ് ബചാവോ മാര്‍ച്ചിന് ആലപ്പുഴയില്‍ നല്‍കിയ സ്വീകരണയോഗത്തിന്റെ വേദിയില്‍ സംസാരിയ്ക്കാന്‍ സി പി എം കേന്ദ്രകമ്മിറ്റിയംഗം എം. എ. ബേബി ആഗ്രഹം പ്രകടിപ്പിച്ചിട്ടും അവസരം കിട്ടിയില്ല. മാര്‍ക്സിസ്റ് പാര്‍ട്ടിയോ പാര്‍ട്ടിയുടെ അനുബന്ധ സംഘടനകളോ ഇല്ലാത്ത ഒരു മുന്നണി നടത്തിയ ഈ സ്വീകരണ യോഗത്തില്‍ സംസാരിയ്ക്കാന്‍ ബേബി താല്പര്യം പ്രകടിപ്പിച്ചിരുന്നു. ആലപ്പുഴയില്‍ ധാതു മണല്‍ ഖനനത്തിനെതിരെ ഈ സംഘടന നടത്തുന്ന സമരത്തില്‍ പങ്ക് ചേരാന്‍ മാര്‍ക്സിസ്റ് പാര്‍ട്ടി തയ്യാറാവാത്തതാണ് ഈ തണുത്ത പ്രതികരണത്തിന് കാരണം.
ജനകീയ പ്രതിരോധ മുന്നണി സംഘടിപ്പിച്ച സ്വീകരണയോഗത്തിലാണ് സി പി എം ആലപ്പുഴ ജില്ലാ പ്രസിഡന്റിന്റെ ചുമതല കൂടിയുള്ള ബേബിയ്ക്കും സി പി എം പ്രവര്‍ത്തകര്‍ക്കും തണുത്ത പ്രതികരണം ലഭിച്ചത്.
ആറാട്ടുപുഴ മുതല്‍ ആലപ്പുഴ വരെയുള്ള തീരുപ്രദേശത്ത് ധാതുമണല്‍ ഖനനം ചെയ്യുന്നതിന് അനുമതി നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതിനാണ് സി പി എം നേരത്തെ താത്പര്യം കാണിയ്ക്കാതിരുന്നത്. ധാതുമണല്‍ ഖനനത്തിനെതിരെ എ ഐ ടി യു സി, ശാസ്ത്ര സാഹിത്യ പരിഷത്ത്, ജമാഅത്ത് കൗണ്‍സില്‍, ധീവര സഭ, പ്രണവം യുവജനവേദി, എസ് യു സി ഐ, സുന്നി സ്റുഡന്റ്സ് ഫെഡറേഷന്‍ തുടങ്ങിയ വിവിധ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് മുന്നണി.സ്വീകരണ യോഗത്തില്‍ സംസാരിക്കാന്‍ താത്പര്യമുണ്ടെന്ന് ബേബി മുന്നണി നേതാക്കളെ ജനവരി 28 ചൊവാഴ്ചയാണ് അറിയിച്ചത്. എന്നാല്‍ മുന്നണി നേതാക്കളില്‍ നിന്ന് അനുകൂലമായ പ്രതികരണമല്ല ബേബിയ്ക്ക് ലഭിച്ചത്.
ബുധനാഴ്ച രാവിലെ 11 മണിയോടെ മേധ നയിക്കുന്ന ജാഥയോടൊപ്പം ബേബിയും സ്വീകരണസ്ഥലത്തെത്തി. എന്നാല്‍ മുന്നണി നേതാക്കളുടെ നിലപാടില്‍ യാതൊരു മാറ്റവുമുണ്ടായില്ല. മുന്നണിയ്ക്ക് രൂപം നല്‍കിയ സംഘടനകളുടെ മാതൃ സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ സംസാരിച്ചു.
മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ ഇരട്ടത്താപ്പ് നയത്തിനോട് യോജിയ്ക്കാനാവില്ലെന്നാണ് മുന്നണി നേതാക്കളുടെ നിലപാട്. വിദേശ കുത്തകയേയും അന്യായമായ സ്വകാര്യവല്‍ക്കരണത്തേയും വലിയ വായില്‍ എതിര്‍ക്കുമ്പോള്‍ തന്നെ ഇത്തരം പല പ്രശ്നങ്ങളില്‍ നിന്നും മാര്‍ക്സിസ്റ് പാര്‍ട്ടി വിട്ടുനില്‍ക്കുകയാണ്. അത് മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ ഇരട്ടത്താപ്പ് നയം മൂലമാണെന്നാണ് മുന്നണി നേതാക്കളുടെ അഭിപ്രായം.












Click it and Unblock the Notifications