പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ജനവരി 30 വ്യാഴാഴ്ച നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തൃശൂരിലെ പുതുക്കാട് ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തെ കുറിച്ചായിരുന്നു പ്രതിപക്ഷം അടിയന്തിര പ്രമേയം ഉന്നയിച്ചത്.
ഇറങ്ങിപ്പോക്കിനു മുമ്പ് പത്ത് മിനുട്ടോളം നേരം പ്രതിപക്ഷാംഗങ്ങള്‍ സഭാനടപടികള്‍ തടസപ്പെടുത്തി.
ചോദ്യോത്തരവേള കഴിഞ്ഞയുടനെ സഭാനടപടികള്‍ നിര്‍ത്തിവെച്ച് പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. പ്രശ്നത്തിന്റെ അടിയന്തിര സ്വഭാവം കണക്കിലെടുത്ത് അടിയന്തിര പ്രമേയമെന്ന നിലയില്‍ പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കുന്നതില്‍ ചില മാനദണ്ഡങ്ങളുണ്ടെന്നും ഇക്കാര്യം സബ്മിഷനായി സഭയില്‍ അവതരിപ്പിക്കാമെന്നും സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ അറിയിച്ചു.
സഭാനടപടികള്‍ തടസപ്പെടുത്തിയാല്‍ സഭ നിര്‍ത്തിവെക്കേണ്ടിവരുമെന്ന് സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
സര്‍ക്കാരിനെ സംരക്ഷിക്കാനാണ് സ്പീക്കര്‍ ശ്രമിക്കുന്നതെന്ന് അച്യുതാനന്ദന്‍ ആരോപിച്ചു. അച്യുതാനന്ദന്റെ ഈ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്തു.












Click it and Unblock the Notifications