കമ്മലിട്ട ഗാന്ധി, എംടിവി വക
വാഷിംഗ്ടണ്‍: ഗാന്ധിയ്ക്ക് വീണ്ടും യുഎസ് മണ്ണില്‍ അപമാനം. ഇക്കുറി അപമാനം വന്നിരിക്കുന്നത് യുഎസിലെ എംടിവിയുടെ കയ്യില്‍ നിന്നാണ്. ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ ഹാസ്യരൂപത്തിലുള്ള അനിമേഷന്‍ ചിത്രത്തില്‍ പുതിയ ഫാഷനോടെ കാതില്‍ കമ്മലിട്ടാണ് ഗാന്ധി പ്രത്യക്ഷപ്പെടുന്നത്. എംടിവിയുടെ വെബ്സൈറ്റിലും . ഡൗണ്‍ ലോഡ് ചെയ്യാവുന്ന ഗാന്ധിയുടെ സ്ക്രീന്‍ സേവറും എംടിവി വെബ്സൈറ്റിലുണ്ട്.
മസില്‍ ഷര്‍ട്ടിട്ട ഒരു തടിയന്‍ ഗാന്ധിചിത്രത്തിന്റെ ചെകിട്ടത്തടിക്കുന്ന ഹാസ്യചിത്രം കഴിഞ്ഞ ദിവസം മാക്സ് എന്ന യുഎസ് ഫാഷന്‍ മാസികയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ യുഎസിനെ ഗാന്ധിസംഘടനകളും സമാധാനസംഘടനകളും പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് എംടിവിയും ഗാന്ധിയെ അപമാനിച്ചിരിക്കുന്നത്.
ലോകത്തിലെ ജനപ്രിയ മ്യൂസിക് ചാനലായ എംടിവി ഈയിടെ ഗാന്ധിയെക്കുറിച്ച് കുറെ ഹാസ്യചിത്രീകരണങ്ങള്‍ നടത്തിയിരുന്നു. ഗൗതമബുദ്ധന്‍, ക്രിസ്തു, അബ്രഹാം ലിങ്കണ്‍, ജോണ്‍ എഫ്. കെന്നഡി, തോമസ് എഡിസണ്‍ എന്നിവരെയും പരിഹാസമായ തോതില്‍ എംടിവി ചിത്രീകരിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഇരമ്പുകയാണ്.
എംടിവിയുടെ വെബ്സൈറ്റില്‍ ഗാന്ധിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും കാണാം. ഗാന്ധിയെ ഒരു വിഡ്ഢിയെന്നാണ് എംടിവി വിശേഷിപ്പിക്കുന്നത്. പിരാന മത്സ്യങ്ങള്‍ (മാംസഭുക്കായ, ജീവികളെ തിന്നുന്ന അപകടകാരിയായ മത്സ്യമാണ് പിരാന) നിറഞ്ഞ കിടങ്ങില്‍ നീന്തുന്ന വിഡ്ഢി- ഇതാണ് ഗാന്ധിക്ക് നല്കിയിരിക്കുന്ന വിശേഷണം.
എംടിവി ഈയിടെ പരിഹാസപൂര്‍വം ആരംഭിച്ച ക്ലോണിംഗ് പദ്ധതിയുടെ ഭാഗമായാണ് ഗാന്ധിയുടെ ഹാസ്യചിത്രം ഉണ്ടാക്കിയത്. മനുഷ്യ ചരിത്രത്തിന്റെ ഗതിവിഗതികള്‍ മാറ്റിയ മരിച്ചുപോയ മഹാന്മാരുടെ ഡിഎന്‍എയില്‍ നിന്ന് അവരുടെ ക്ലോണ്‍ രൂപം സൃഷ്ടിക്കുന്ന (തമാശ) പദ്ധതിയാണ് എംടിവിയുടെ ക്ലോണ്‍ പദ്ധതി. ഇവിടെ മഹാന്മാരുടെ ഹാസ്യ അനിമേഷന്‍ ചിത്രങ്ങളാണ് ക്ലോണ്‍ ചെയ്തെടുക്കുന്നതെന്ന് മാത്രം.
അധികം വൈകാതെ മഹാന്മാരുടെ ഹാസ്യ ക്ലോണ്‍ ചിത്രങ്ങള്‍ യുഎസിലെ എംടിവി സംപ്രേഷണം ചെയ്യും. എന്നാല്‍ ഈ പദ്ധതിയെപ്പറ്റി തങ്ങള്‍ക്കറിവില്ലെന്നാണ് ഇന്ത്യയിലെ എംടിവി ചാനല്‍ അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications