മൈക്രോസോഫ്റ്റ് റെയ്ഡ് ശക്തമാക്കുന്നു
തിരുവനന്തപുരം: മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്വേറുകള്‍ ലൈസന്‍സില്ലാതെ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കമ്പനി അധികൃതര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടങ്ങി.
ഇതിനകം ലൈസന്‍സില്ലാതെ മൈക്രോസോഫ്റ്റ് സോഫ്റ്റ്വേര്‍ ഉപയോഗിച്ചതിന് കമ്പ്യൂട്ടര്‍ വില്‍ക്കുന്നവര്‍ക്കെതിരെ 30,000 രൂപ പിഴയിട്ടിട്ടുണ്ട്.
ലൈസന്‍സില്ലാത്ത സോഫ്റ്റ്വേര്‍ നല്‍കുന്നത് തടയുന്നതിന് തങ്ങളാരെന്ന് വെളിപ്പെടുത്താതെയാണ് മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥര്‍ ആദ്യം കടകളിലെത്തുന്നത്. തിരുവനന്തപുരത്ത് കമ്പ്യൂട്ടര്‍ വില്‍ക്കുന്ന ഒരു സ്ഥാപനത്തില്‍ എഞ്ചിനീയര്‍മാരാണെന്ന് പറഞ്ഞെത്തിയ രണ്ട് പേര്‍ പുതിയ പേഴ്സണല്‍ കമ്പ്യൂട്ടറിന് ആവശ്യപ്പെട്ടു. ലൈസന്‍സില്ലാത്ത കമ്പ്യൂട്ടറിനോടൊപ്പം സോഫ്റ്റ്വേര്‍ നല്‍കിയപ്പോഴാണ് തങ്ങള്‍ മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥരാണെന്ന് അവര്‍ വെളിപ്പെടുത്തിയത്. കടയുടമയ്ക്കെതിരെ അവര്‍ നടപടി സ്വീകരിക്കുകയും ചെയ്തു.
തിരുവനന്തപുരത്തെ നാല് കമ്പ്യൂട്ടര്‍ വില്പക്കാര്‍ക്ക് മൈക്രോസോഫ്റ്റിന്റെ അഭിഭാഷകനെ കാണാന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളില്‍ നിന്നും അവര്‍ക്ക് കമ്പ്യൂട്ടര്‍ നല്‍കിയ വില്പനക്കാരുടെ വിവരങ്ങള്‍ മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു.അതേ സമയം മൈക്രോസോഫ്റ്റിന്റെ ഈ കടുത്ത നടപടി മൈക്രോസോഫ്റ്റ് സോഫ്റ്റ്വേറുകള്‍ ബഹിഷ്കരിച്ച് ലിനക്സിനെ ആശ്രയിക്കാന്‍ നിര്‍ബന്ധിതമാക്കുമെന്ന് കമ്പ്യൂട്ടര്‍ വില്പനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications