നായനാര്‍ക്കും മേനോനുമെതിരെ വിമര്‍ശനം
തിരുവനന്തപുരം: ജനവരി 31 വെള്ളിയാഴ്ച നടന്ന എല്‍ ഡി എഫ് സംസ്ഥാന സമിതി യോഗത്തില്‍ മുന്‍മുഖ്യമന്ത്രി ഇ. കെ. നായനാര്‍ക്കും മുന്‍ധനകാര്യമന്ത്രി ടി. ശിവദാസമേനോനുമെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ന്നു.
എ ഡി ബി വായ്പാ വ്യവസ്ഥകള്‍ മുന്നണിയില്‍ ചര്‍ച്ചയ്ക്ക് വയ്ക്കാത്തതിനാലാണ് ശിവദാസമേനോനെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നത്. കൊച്ചി ജലവിതരണ പദ്ധതി എല്‍ ഡി എഫില്‍ ചര്‍ച്ചയ്ക്ക് വെച്ചിട്ടില്ലെന്നും എന്നിട്ടും എല്‍ ഡി എഫ് ഇതിന്റെ പാപഭാരം പേറേണ്ടിവരുന്നെന്നും മുന്നണി നേതാക്കള്‍ വിമര്‍ശനമുയര്‍ത്തി. സി പി ഐ, ആര്‍ എസ് പി നേതാക്കളാണ് പ്രധാനമായും വിമര്‍ശനം നടത്തിയത്.
പ്ലാച്ചിമടയില്‍ കൊക്ക കോള കമ്പനി തുടങ്ങാന്‍ അനുമതി നല്‍കിയതിനെതിരെ സി പി ഐ നേതാക്കള്‍ ശക്തമായി വിമര്‍ശിച്ചു. എന്നാല്‍ താനറിയാതെയാണ് കമ്പനിക്ക് അനുമതി നല്‍കിയതെന്നാണ് നായനാര്‍ പറഞ്ഞത്. കമ്പനി തുടങ്ങുന്നത് സംബന്ധിച്ച് മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സി പി ഐ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ജിമ്മില്‍ അവതരിപ്പിച്ച പല പദ്ധതികളും എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചവയാണെന്ന് തെളിയിക്കാന്‍ യു ഡി എഫിന് സാധിച്ചു. അതുകൊണ്ടുതന്നെ ജലചൂഷണങ്ങള്‍ക്കെതിരെ എല്‍ ഡി എഫ് നടത്തുന്ന സമരങ്ങളുടെ വിശ്വാസ്യത ഇതെല്ലാം മൂലം നഷ്ടമായി- യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ചയില്‍ എല്‍ ഡി എഫ് തീര്‍ത്തും നിര്‍ജീവമായിരുന്നുവെന്ന് സി പി ഐ, ആര്‍ എസ് പി നേതാക്കള്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications