കൊക്ക കോള അമിതമായി ജലമൂറ്റുന്നുവെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: പാലക്കാട് പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനി അമിതമായി ജലമൂറ്റിയെടുക്കുന്നുണ്ടെന്ന് ഭൂഗര്‍ഭജല വകുപ്പിന്റെ റിപ്പോര്‍ട്ട്.
ഭൂഗര്‍ഭ വകുപ്പ് ഡയറക്ടര്‍ ജി. ബാലഗംഗാധരന്‍ നായര്‍ ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ കൊക്ക കോളയുടെ ജലചൂഷണം നിയന്ത്രിക്കണമെന്ന് ശുപാര്‍ശ ചെയ്തു.
കൊക്ക കോള കമ്പനിയുടെ അമിതമായ ജലഉപഭോഗം മൂലം സമീപ പ്രദേശങ്ങളില്‍ വെള്ളം കിട്ടാതാവുന്നുവെന്ന് ആരോപിച്ച നാട്ടുകാര്‍ തുടങ്ങിയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രതിദിനം അഞ്ച് ലക്ഷം ലിറ്റര്‍ ജലമാണ് കൊക്ക കോള കമ്പനി എടുക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് മൂന്ന് ലക്ഷം ലിറ്ററാക്കി കുറയ്ക്കണമെന്നാണ് ശുപാര്‍ശ.
അഞ്ച് ലക്ഷം ലിറ്ററെടുക്കുന്നുണ്ടെങ്കിലും ഒന്നര ലക്ഷം ലിറ്റര്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ബാക്കി മൂന്നര ലക്ഷം വെള്ളം ശുദ്ധീകരിച്ച ശേഷം ഒഴുക്കികളയുകയാണ്.
ഫാക്ടറിയുടെ സമീപത്തെ 20 കിണറുകള്‍ പരിശോധിച്ചപ്പോള്‍ ഇതില്‍ വെള്ളം കുറവാണെന്ന് കണ്ടെത്തി. എന്നാല്‍ ഇത് കമ്പനിയുടെ ജലചൂഷണം മൂലമാണോ ശാസ്ത്രീയ പഠനത്തിലൂടെ കണ്ടെത്തണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications