ഈഴവരായതില്‍ അഭിമാനിയ്ക്കുക: വെള്ളാപ്പള്ളി
കണ്ണൂര്‍: ഈഴവരായതില്‍ അഭിമാനിയ്ക്കണമെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. കണ്ണൂരിന്‍ നടക്കുന്ന മലബാര്‍ മഹാ സംഗമത്തില്‍ സംസാരിയ്ക്കുകയായിരുന്നു എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
നമ്മുടെ കുറവുകള്‍ മനസ്സിലാക്കി അതില്‍ നിന്ന് ഈഴവ സമൂഹത്തെ രക്ഷിയ്ക്കാനായാണ് നാം പ്രവര്‍ത്തിയ്ക്കേണ്ടത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ വെള്ളാപ്പള്ളി ആഞ്ഞടിച്ചു. കേരളം ഭരിച്ച ഇരുമുന്നണികളും ഈഴവ സമൂഹത്തെ കബളിപ്പിയ്ക്കുകയാണ് ചെയ്തത്. വെള്ളാപ്പള്ളി പറഞ്ഞു.
കേരളത്തില്‍ എത്തി അനധികൃതമായി മത പ്രചാരണം നടത്തിയ ജോസഫ് ഡബ്ലിയു കൂപ്പറെ ഇന്ത്യ വിടാന്‍ അനുവദിച്ച് നാട്ടുകാരെ പറ്റിച്ചിരിയ്ക്കുകയാണ് മുഖ്യമന്ത്രി ആന്റണി. കൂപ്പര്‍ക്ക് രക്ഷപ്പെടാനുള്ള കളം ഒരുക്കിക്കൊടുക്കുകയാണ് ആന്റണി ചെയ്തത്. നിര്‍ബന്ധപൂര്‍വം മതം മാറ്റുരന്നതിനെ എസ് എന്‍ ഡി പി അനുകൂലിയ്ക്കുന്നില്ല. വെള്ളാപ്പള്ളി വ്യക്തമാക്കി. സ്വന്തം ഇഷ്ടത്തോടെ മതം മാറുന്നതിന് എസ് എന്‍ ഡി പി എതിരല്ല. കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും യോഗത്തിന് എതിര്‍പ്പില്ല. പക്ഷേ ചില പാര്‍ട്ടികളുടെ പ്രധാന പ്രവര്‍ത്തകരെല്ലാം ഈഴവരാണ്. കേരളത്തിലെ മുന്നണികളുടെ പ്രവര്‍ത്തനത്തില്‍ യോഗത്തിന് തൃപ്തിയില്ല. അതുകൊണ്ടാണ് മലബാറില്‍ ശക്തിആര്‍ജ്ജിയ്ക്കാനുള്ള യോഗത്തിന്റെ പ്രവര്‍ത്തനത്തെ ചില പാര്‍ട്ടികള്‍ എതിര്‍ക്കുന്നത്. സി പി എമ്മിനെ ലാക്കാക്കി വെള്ളാപ്പള്ളി പറഞ്ഞു. ഇരു മുന്നണിയോടും യോഗത്തിന് അടുപ്പമില്ല എന്നതുകൊണ്ട് യോഗം പ്രവര്‍ത്തകരെ ബി ജെ പിയിലേയ്ക്ക് നയിയ്ക്കുകയാണെന്ന് അര്‍ത്ഥമില്ല.
മലബാര്‍ ആരുടേയും കുത്തകയല്ലെന്ന് വെള്ളാപ്പള്ളി വീണ്ടും വ്യക്തമാക്കി. ശ്രീനാരായണ ഗുരു തുടങ്ങിയ ക്ഷേത്രങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ ഏത് നീക്കത്തേയും യോഗം എതിര്‍ക്കും. വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications