പാതിരാമണല്‍ അന്വേഷണം: സിപിഐക്കുള്ള താക്കീത്
തിരുവനന്തപുരം: വിവാദ പദ്ധതികള്‍ സംബന്ധിച്ച് അന്വേഷണം നടത്താനൊരുങ്ങുന്ന സി പി എം പദ്ധതികള്‍ക്ക് അനുമതി നല്‍കിയത് സംബന്ധിച്ച് തങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തുന്ന സി പി ഐയെ കൈകഴുകാന്‍ അനുവദിക്കാത്ത നിലപാടിലാണ്.
കൊക്ക-കോള, പെരിയാര്‍ ജലവിതരണ പദ്ധതികള്‍ക്കൊപ്പം പാതിരാമണല്‍ ഒബ്റോയി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ പ്രസ്താവന സി പി ഐക്കുള്ള താക്കീതാണ്. പാതിരാമണല്‍ വിനോദസഞ്ചാര വികസനത്തിനായി ഒബ്റോയിക്ക് കൈമാറാനുള്ള തീരുമാനമെടുത്തത് സി പി ഐ കൈയാളിയിരുന്ന വിനോദസഞ്ചാര വകുപ്പാണ്.
വിനോദസഞ്ചാര മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരന്‍ നായര്‍ പദ്ധതി നടപ്പിലാക്കുന്നതിന് അനുമതി നല്‍കിയിരുന്നു. വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന സി പി ഐ നേതാവ് സി. കെ. ചന്ദ്രപ്പനും പദ്ധതിയോട് അനുകൂല നിലപാടാണെടുത്തിരുന്നത്.
സി പി എം മന്ത്രിമാര്‍ കൈയാളിയിരുന്ന വകുപ്പുകളാണ് കൊക്ക-കോള, പെരിയാര്‍ ജലവിതരണ പദ്ധതികള്‍ക്ക് അനുമതി നല്‍കിയത്. ഇതേ കുറിച്ച് അന്വേഷിക്കുന്നതിനൊപ്പം പാതിരാമണല്‍ പദ്ധതിയെ കുറിച്ചും സി പി എം അന്വേഷിക്കുന്നത് സി പി ഐക്കുള്ള വ്യക്തമായ മറുപടിയാണ്.
അതേ സമയം പാതിരാമണല്‍ പദ്ധതി സംബന്ധിച്ച് ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് ഇ. ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു. പദ്ധതി സംബന്ധിച്ച് തനിക്കോ പാര്‍ട്ടിക്കോ പ്രത്യേക താത്പര്യമുണ്ടായിരുന്നില്ല.
പാതിരാമണലിന്റെ വിനോദസഞ്ചാര സാധ്യതകള്‍ ഉപയോഗിക്കുന്നതിനായി ഒബ്റോയിക്ക് കൈമാറാന്‍ തീരുമാനിച്ചിരുന്നെങ്കിലും പരിസ്ഥിതിവാദികള്‍ എതിര്‍പ്പുയര്‍ത്തുകയും നിയമസഭയില്‍ അഭിപ്രായ ഭിന്നതയുയരുകയും ചെയ്തതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഇ. ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു.












Click it and Unblock the Notifications