വിവാദമില്ലാത്ത ജിം പദ്ധതികള്‍ നടപ്പാക്കും
തിരുവനന്തപുരം: ആഗോള നിക്ഷേപകസമ്മേളനത്തില്‍ (ജിം) ധാരണാപത്രം ഒപ്പിട്ട വിവാദത്തിനിടവയ്ക്കാത്ത പദ്ധതികള്‍ ഉടന്‍ നടപ്പാക്കാന്‍ യുഡിഎഫ് ഉന്നതാധികാരസമിതിയോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. വിവാദങ്ങള്‍ക്കിടയുള്ള പദ്ധതികളെക്കുറിച്ച് കൂടുതല്‍ പഠനവും ചര്‍ച്ചകളും നടത്തിയതിന് ശേഷം അന്തിമതീരുമാനമെടുത്താല്‍ മതിയെന്നും യോഗം നിര്‍ദേശിച്ചു.
മുദ്രാവാക്യങ്ങളുടെ പേരില്‍ മാത്രം പദ്ധതികള്‍ ഉപേക്ഷിക്കുന്ന പ്രശ്നമില്ല. ജിം വന്‍വിജയമായെന്നാണ് യോഗത്തിലെ വിലയിരുത്തല്‍. ജിം വിജയിപ്പിക്കാന്‍ മുന്‍കയ്യെടുത്ത ഉദ്യോഗസ്ഥരെ അഭിനന്ദിക്കാനും യുഡിഎഫ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജിമ്മിനോട് പ്രതിപക്ഷനേതാവും പ്രതിപക്ഷവും സ്വീകരിച്ച സമീപനം പൊതുവെ തൃപ്തികരമായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ജിമ്മിനെക്കുറിച്ച് ആശങ്കകള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ സര്‍ക്കാര്‍ കൈകാര്യം ചെയ്തു. കൊക്കകോള കമ്പനിക്ക് പ്ലാച്ചിമടയില്‍ ഭൂഗര്‍ഭജലം ചൂഷണം ചെയ്യാന്‍ അനുമതി നല്കിയത് തെറ്റായിപ്പോയെന്ന് എല്‍ഡിഎഫ് സമ്മതിച്ച സാഹചര്യത്തില്‍ അതെങ്ങിനെ തിരുത്താമെന്ന് കൂടി അവര്‍ പറയണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.












Click it and Unblock the Notifications