കേരളത്തിന്റെ ഭംഗിതേടി വിദേശസംഘം
തിരുവനന്തപുരം: കേരളത്തിന്റെ ഭംഗി തേടി വീണ്ടും വിദേശമാധ്യമ സംഘം കേരളത്തിലെത്തി. നാഷണല്‍ ജ്യോഗ്രഫിക്കും മറ്റും കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സാംസ്കാരികസവിശേഷതകളും പകര്‍ത്തിയ ശേഷം ഇതാദ്യമായാണ് ബൃഹത്തായ ഒരു പദ്ധതിയുമായി വിദേശമാധ്യമസംഘം കേരളത്തില്‍ എത്തുന്നത്.
നാഷണല്‍ ജ്യോഗ്രാഫി കേരളത്തെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട നൂറ് സ്ഥലങ്ങളില്‍ ഒന്നായി ഉള്‍പ്പെടുത്തിയതോടെയാണ് വിദേശമാധ്യമങ്ങള്‍ക്ക് കേരളത്തോട് കൂടുതല്‍ താല്പര്യമുണ്ടായിരിക്കുന്നത്. യുഎസ് ടെലിവിഷനായ സിബിഎസിനുവേണ്ടിയാണ് വിദേശമാധ്യമസംഘം ആലപ്പുഴയില്‍ എത്തിയിരിക്കുന്നത്. ദി അമേസിംഗ് റെയ്സ് എന്ന പേരില്‍ കേരളത്തിലെ സമസ്തസൗന്ദര്യങ്ങളും ഒറ്റയടിക്ക് പകര്‍ത്തുകയാണ് ലക്ഷ്യം.
കേരളത്തിന്റെ സാംസ്കാരിക സവിശേഷതകള്‍ സ്വാഭാവികമായി പകര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തത്തുല്ല്യമായ അന്തരീക്ഷം കൃത്രിമമായി സൃഷ്ടിച്ച ശേഷം അത് ക്യാമറയിലാക്കാന്‍ വരെ തയ്യാറാണ് സംഘം.
കാളയോട്ടം മുതല്‍ പൂരങ്ങളും കായലോരസൗന്ദര്യവും വരെ ക്യാമറയിലാക്കും. കഴിഞ്ഞ ദിവസം കാളയോട്ടം സംഘം കൃത്രിമമായി സംഘടിപ്പിക്കുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ പാലതുറുത്തിയില്‍ 1.5 ഏക്കര്‍ നെല്‍പ്പാടം വാടകയ്ക്ക് എടുത്തായിരുന്നു കാളയോട്ടം സംഘടിപ്പിച്ചത്.
ഫിബ്രവരി 16ന് മറ്റൊരു സംഘവും കേരളത്തിന്റെ ഭംഗി ചിത്രീകരിയ്ക്കാന്‍ എത്തുന്നുണ്ട്. സ്പെയിനില്‍ നിന്നും എത്തുന്ന ഈ മാധ്യമ സംഘം കോഴിക്കോട്ടെ ബേപ്പൂര്‍ തുറുമുഖത്ത് ഷൂട്ടിംഗിനായി അനുമതി നേടിക്കഴിഞ്ഞു.












Click it and Unblock the Notifications