ബംഗ്ലാദേശ് 213 പേരെ സ്വീകരിച്ചു
സത്ഗാച്ചി(ബംഗാള്‍): ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സംഘര്‍ഷം അയയുന്നു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച അനധികൃത കുടിയേറ്റക്കാരില്‍ 213 പേരെ ഫിബ്രവരി ആറ് വ്യാഴാഴ്ച ബംഗ്ലാദേശ് സ്വീകരിച്ചതോടെയാണിത്.
അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ ഇരുരാജ്യങ്ങളും തയ്യാറല്ലാത്തതിനാല്‍ ഒരാഴ്ചയായി കുടിയേറ്റക്കാര്‍ അതിര്‍ത്തിപ്രദേശത്തായിരുന്നു. കുടിയേറ്റക്കാരെ തിരിച്ചുവിളിക്കണമെന്നും ഇന്ത്യ ഇവരെ സ്വീകരിക്കുന്ന പ്രശ്നമില്ലെന്നും കഴിഞ്ഞ ഉപപ്രധാനമന്ത്രി അദ്വാനി ബംഗ്ലാദേശിന് താക്കീത് നല്കുകയുണ്ടായി. ഇതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ യുദ്ധാന്തരീക്ഷത്തിലേക്ക് നീങ്ങി.
ഒടുവില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ കുടിയേറ്റക്കാരെ ചെറു സംഘങ്ങളായി തിരിച്ചെടുത്തു. കുടിയേറ്റക്കാരെ തിരിച്ചെടുക്കുന്നത് മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പക്ഷെ മുഖം രക്ഷിക്കാന്‍ വ്യാഴാഴ്ച പുലര്‍ച്ചെ അതീവരഹസ്യമായാണ് ബംഗ്ലാദേശ് സേന കുടിയേറ്റക്കാരെ സ്വീകരിച്ചത്.
കുടിയേറ്റക്കാരെ സ്വീകരിച്ചതോടെ താല്ക്കാലികമായി പ്രശ്നം പരിഹരിക്കപ്പെട്ടിരിക്കുകയാണെന്ന് ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേ സമയം വളരെ നാളായുള്ള പ്രശ്നമായതിനാല്‍ ഇത് ദീര്‍ഘകാലത്തില്‍ പരിഹരിക്കുന്നതിന് നടപടികളെടുക്കുമെന്നും അദ്വാനി പറഞ്ഞു.












Click it and Unblock the Notifications