ഇറാഖ്: ഫ്രാന്‍സും പതറുന്നു
പാരിസ്: ജര്‍മ്മനിയോടൊപ്പം ഇറാഖിന് വേണ്ടി ഉറച്ചുനിന്നിരുന്ന ഫ്രാന്‍സിന്റെ ശബ്ദം മൃദുലമാകുന്നു. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസമിതിക്ക് മുമ്പാകെ കോളിന്‍ പവല്‍ ഇറാഖിനെതിരെ തെളിവുകള്‍ നല്കിയതോടെ ഇറാഖിനോട് അല്പം കടുത്ത സ്വരത്തില്‍ തന്നെ ഫ്രാന്‍സ് സംസാരിച്ചുതുടങ്ങുകയാണ്.
ഇറാഖ് തങ്ങളുടെ പക്കലുള്ള ആയുധങ്ങളെപ്പറ്റി പൂര്‍ണ്ണവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് ഫിബ്രവരി ആറ് വ്യാഴാഴ്ച ഫ്രാന്‍സ് വിദേശകാര്യമന്ത്രി ഡൊമിനിക് ഡെ വില്ലെപിന്‍ അഭിപ്രായപ്പെട്ടത്. ഇറാഖ് തങ്ങളുടെ ആയുധങ്ങളെപ്പറ്റി, പ്രത്യേകിച്ചും രാസ-ജൈവായുധങ്ങളെപ്പറ്റി പൂര്‍ണ്ണവിവരം നല്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്ന് അദ്ദേഹം യൂറോപ്പ് വണ്‍ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
കോളിന്‍ പവല്‍ കഴിഞ്ഞ ദിവസം ഉപഗ്രഹഫോട്ടോകളും ഇറാഖിലെ മിലിറ്ററി ഉദ്യോഗസ്ഥരുടെ രഹസ്യമായി ചോര്‍ത്തിയ ഫോണ്‍വിളികളും ഉള്‍പ്പെടെ ഒട്ടേറെ തെളിവുകള്‍ ഐക്യരാഷ്ട്രസമിതി മുമ്പാകെ സമര്‍പ്പിച്ചിരുന്നു. ജൈവ-രാസ-ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതി ഇറാഖ് രഹസ്യമാക്കി വയ്ക്കുന്നുവെന്നാണ് കോളിന്‍ പവല്‍ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത്.
എന്നാല്‍ കോളിന്‍ പവലിന് കൂടുതല്‍ വ്യക്തമായ തെളിവുകള്‍ നല്കാന്‍ കഴിഞ്ഞില്ലെന്ന് വില്ലെപിന്‍ പറഞ്ഞു. വസ്തുതാപരമായ തെളിവുകളോ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകളോ ഒന്നും പവലില്‍ നിന്നുണ്ടായില്ല. - വില്ലെപിന്‍ പറഞ്ഞു. ഇറാഖിനെതിരെ യുദ്ധം പാടില്ലെന്ന തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്ക്കുമെന്ന് ഫ്രാന്‍സിന്റെ പ്രധാനമന്ത്രി ജീന്‍ പിയറി റഫറിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications