കേരളം: ആയുര്‍വേദത്തിന്റെ മെക്ക
തിരുവനന്തപുരം: കേരളത്തെ ആയുര്‍വേദത്തിന്റെ മെക്കയാക്കി അവതരിപ്പിച്ച് വിദേശ ടൂറിസ്റുകളെയും ആഭ്യന്തരടൂറിസ്റുകളെയും ആകര്‍ഷിക്കാന്‍ ശ്രമം. ഒപ്പം ഗോവ, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ ടൂറിസ്റ് കേന്ദ്രങ്ങളുമായി സഹകരിച്ച് കേരളത്തെ ടൂറിസം ഭൂപടത്തില്‍ ആകര്‍ഷകമാക്കി നിര്‍ത്താനും ശ്രമങ്ങള്‍ നടക്കുകയാണ്.
ഇതിന്റെ ഭാഗമായി ടൂറിസം ഡയറക്ടര്‍ അല്‍കേഷ് കുമാര്‍ ശര്‍മ്മയുടെ നേതൃത്വത്തില്‍ ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ നാടു ചുറ്റുന്ന തിരക്കിലാണ്. കഴിഞ്ഞ ദിവസം ഗോവയില്‍ എത്തിയ സംഘം ഒട്ടേറെ ടൂര്‍ ഓപ്പറേറ്റര്‍മാരുമായി ചര്‍ച്ച നടത്തി. അവരുടെ ടൂര്‍പാക്കേജില്‍ കേരളത്തെ കൂടി ഉള്‍പ്പെടുത്താനാണ് ശ്രമം. ഇതിന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചത്.
ശ്രീലങ്കയുമായി ടൂറിസം മേഖലയില്‍ സംയുക്ത സംരംഭങ്ങള്‍ നടത്താന്‍ ഏപ്രിലില്‍ ഒരു ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുമെന്ന് അല്‍കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു. നാഗ്പൂരില്‍ ഫിബ്രവരി ഏഴ് വെള്ളിയാഴ്ച വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈയിടെ കേരളം സന്ദര്‍ശിച്ച ശ്രീലങ്കയിലെ ടൂറിസം മന്ത്രി ഈ ധാരണാപത്രത്തെക്കുറിച്ച് അന്തിമചര്‍ച്ച നടത്തിയിരുന്നു. മാലിയുമായി ഇതേ തരത്തിലുള്ള ധാരണാപത്രം ഒപ്പിടും. സിംഗപ്പൂരും കേരളത്തിന്റെ കാര്യത്തില്‍ താല്പര്യം കാണിച്ചിട്ടുണ്ട്. - അല്‍കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു.
കേരളത്തില്‍ 2002ല്‍ 2.32 ലക്ഷം വിദേശ ടൂറിസ്റുകള്‍ എത്തി. 2001ല്‍ വെറും 2.08 ലക്ഷം ടൂറിസ്റുകള്‍ മാത്രമാണ് എത്തിയത്. സപ്തംബര്‍ 11ന്റെ തീവ്രവാദി ആക്രമണത്തെ മറികടന്നുകൊണ്ടാണ് കേരളം ഈ നേട്ടം കൊയ്തതെന്ന് അല്‍കേഷ് കുമാര്‍ ശര്‍മ്മ അഭിപ്രായപ്പെട്ടു.
കേരളത്തില്‍ 2002ല്‍ 55.68 ലക്ഷം ആഭ്യന്തര ടൂറിസ്റുകള്‍ എത്തി. 2001ല്‍ ഇത് വെറും 52.39 ലക്ഷമായിരുന്നു. 6.2 ശതമാനമാണ് ഈ മേഖലയില്‍ വളര്‍ച്ച. കേരളം 2002ല്‍ ടൂറിസത്തില്‍ നിന്ന് മാത്രം 6,000 കോടി വരുമാനം നേടി. - അല്‍കേഷ് കുമാര്‍ ശര്‍മ്മ വിശദമാക്കി.












Click it and Unblock the Notifications