ഗള്‍ഫ്: യുദ്ധസാധ്യത വര്‍ധിക്കുന്നു
യുനൈറ്റഡ് നാഷന്‍സ്: ഇറാഖിനെതിരെ യുഎസ് നേതൃത്വത്തിലുള്ള സഖ്യം ആക്രമണം നടത്താനുള്ള സാധ്യത വര്‍ധിച്ചതായി വിദഗ്ധര്‍. യുഎസും ബ്രിട്ടനും മറ്റ് സഖ്യകക്ഷികളും ഗള്‍ഫ് മേഖലയില്‍ അവരുടെ സൈനികസന്നാഹം അടുത്ത ദിവസങ്ങളില്‍ ക്രമാതീതമായി വര്‍ധിപ്പിച്ചതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഇറാഖിനെ അനുകൂലിക്കുന്ന ഫ്രാന്‍സും ജര്‍മ്മനിയും ചൈനയും റഷ്യയും ഒറ്റപ്പെട്ട നിലയിലാണ്. ഇവര്‍ക്കിടയില്‍ തന്നെ എന്തുചെയ്യണമെന്ന കാര്യത്തില്‍ അഭിപ്രായഭിന്നത കൂടിവരികയാണ്. യൂറോപ്യന്‍ യൂണിയനില്‍ ഇറ്റലിയുടെ നേതൃത്വത്തില്‍ അനുകൂലാഭിപ്രായമുണ്ടാക്കിയെടുക്കുന്നതിലും യുഎസ് വിജയിച്ചുകഴിഞ്ഞു.
കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് സദ്ദാം ഹുസൈന് നല്കിയ താക്കീത് ഒരു ആസന്ന യുദ്ധത്തിന്റെ സൂചന നല്കുന്നു. കളി അവസാനിച്ചുകഴിഞ്ഞു എന്നാണ് സദ്ദാമിന് ബുഷ് നല്കിയ താക്കീത്.
ഇറാഖിനെ അനുകൂലിക്കുന്ന റഷ്യ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവര്‍ക്കെതിരായ താക്കീത് കൂടിയാണിതെന്നും ഐക്യരാഷ്ട്രസമതിയിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഈ രാഷ്ട്രങ്ങളുടെ സമ്മതമില്ലെങ്കിലും തങ്ങള്‍ ഇറാഖിനെ ആക്രമിച്ചേക്കും എന്നാണ് ബുഷിന്റെ താക്കീതിന്റെ യഥാര്‍ത്ഥ അര്‍ത്ഥമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഗള്‍ഫ് മേഖലയില്‍ നടത്തിയ വന്‍ പടയൊരുക്കവും ശക്തമായ താക്കീതും ഇറാഖിനെ അനുകൂലിക്കുന്ന രാഷ്ട്രങ്ങള്‍ക്ക് തന്നെ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസമിതിയിലെ ചില ഉദ്യോഗസ്ഥര്‍ പറയുന്നു. ഇറാഖിനെ ആക്രമിച്ചാല്‍ യുഎസില്‍ തീവ്രവാദി ആക്രമണമുണ്ടായേക്കാമെന്ന് യുഎസ് ഇന്റലിജന്‍സ് ഏജന്‍സിക്ക് സൂചന കിട്ടിയിട്ടുണ്ട്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ യുഎസ് പഠിച്ചുവരികയാണ്.
ഇറാഖിനെ ആക്രമിക്കുന്നതിന് ഐക്യരാഷ്ട്രസമിതിയുടെ സമ്മതം ചോദിച്ചുകൊണ്ട് മറ്റൊരു പ്രമേയം യുഎസ് അവതരിപ്പിക്കാനിരിക്കുകയാണ്. ഈ പ്രമേയത്തിന് സമ്മതം ലഭിച്ചാലും ഇല്ലെങ്കിലും യുഎസ് നേതൃത്വത്തില്‍ ഇറാഖിനെ ആക്രമിച്ചേക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.












Click it and Unblock the Notifications