പാക് ഹൈകമ്മീഷണര്‍ ഇന്ത്യ വിടണം
ദില്ലി: ഇന്ത്യയും പാകിസ്ഥാനും ശാന്തമായ ഒരിടവേളയ്ക്ക് ശേഷം നയതന്ത്രതലത്തില്‍ ഏറ്റുമുട്ടുന്നു. പാകിസ്ഥാന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ജലീല്‍ അബാസ് ജിലാനിയോട് 48 മണിക്കൂറിനകം രാജ്യം വിടാന്‍ ഇന്ത്യ ആവശ്യപ്പെട്ടതോടെ ഉദ്യോഗസ്ഥതലത്തില്‍ സംഘര്‍ഷാന്തരീക്ഷം പടരുകയാണ്.
പാകിസ്ഥാന്‍ ഹൈകമ്മീഷന്‍ ഓഫീസില്‍ നിന്ന് നാല് ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഡെപ്യൂട്ടി ഹൈകമ്മീഷണറുടെയും ഉദ്യോഗസ്ഥരുടെയും കുടുംബങ്ങള്‍ക്ക് ഇന്ത്യ വിടാന്‍ ഒരാഴ്ച അനുവദിച്ചിട്ടുണ്ട്.
ജമ്മുകശ്മീരിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ പാകിസ്ഥാന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ജിലാനി പണം നല്കിയെന്ന് ആരോപിച്ചാണ് ഇന്ത്യ ഇദ്ദേഹത്തോടെ രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നയതന്ത്ര പദവിക്ക് ചേരാത്ത തരത്തില്‍ ജിലാനി പ്രവര്‍ത്തിച്ചതായി വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനാലാണ് ഈ നടപടി - വിദേശ കാര്യമന്ത്രാലയ വക്താവ് നവതേജ് സിംഗ് ഫിബ്രവരി 10 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
എന്നാല്‍ ഇന്ത്യ തന്നെ കഴിഞ്ഞ ഒരു മാസമായി പീഡിപ്പിക്കുകയാണെന്നും കുറ്റാരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ജിലാനി പറയുന്നു. പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയവും ഇന്ത്യയുടെ കുറ്റാരോപണം നിഷേധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പോട്ട കോടതി മുമ്പാകെ മുസ്ലിം ഖവാതീന്‍ മര്‍കസ് നേതാവ് അഞ്ജും സംറൂദ ഹബീബ് ഫിബ്രവരി ആറ് വ്യാഴാഴ്ച നടത്തിയ വെളിപ്പെടുത്തലാണ് പാക് ഡപ്യൂട്ടി ഹൈകമ്മീഷണര്‍ക്കെതിരെ തിരിയാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. തന്നില്‍ നിന്നും പിടിച്ചെടുത്ത 3.07 ലക്ഷം രൂപ തനിക്ക് പാകിസ്ഥാന്‍ ഹൈകമ്മീഷണര്‍ ജിലാനി നല്കിയതാണെന്ന് പോട്ട ജഡ്ജി എസ്.എന്‍. ദിന്‍ഗ്ര മുമ്പാകെ അഞ്ജും സംറൂദ ഹബീബ് ഏറ്റുപറഞ്ഞു. ഹുറിയത്ത് നേതാവ് അബ്ദുല്‍ ഗനി ഭട്ടിന് സമ്മാനമായി കൈമാറാനാണ് ഈ തുക നല്കിയതെന്നും അഞ്ജും സംറൂദ ഹബീബ് വെളിപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് ഹുറിയത്തിന്റെ ദില്ലി ഓഫീസില്‍ നടത്തിയ റെയ്ഡില്‍ പൊലീസ് രണ്ടു ലക്ഷം രൂപ കണ്ടെടുത്തു. ഹുറിയത്ത് വക്താവ് ഷബീര്‍ അഹമ്മദിനെ കസ്റഡിയിലെടുക്കുകയും ചെയ്തു. ഷബീര്‍ അഹമ്മദിനും പാക് ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ പണം നല്കിയിരുന്നതായി അഞ്ജും സംറൂദ ഹബീബ് പൊലീസിന് മൊഴി നല്കിയിരുന്നു.


Click it and Unblock the Notifications