തിയറ്റര്‍ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സിനിമാ തിയറ്ററുകള്‍ ഫിബ്രവരി 10 മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള തീരുമാനം തിയറ്റര്‍ ഉടമകളുടെ സംയുക്തസമരസമിതി പിന്‍വലിച്ചു. പ്രശ്നം പരിഹരിക്കാമെന്ന മന്ത്രി എം.എം. ഹസ്സന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചതെന്ന് സംയുക്തസമരസമിതി കണ്‍വീനര്‍ ഡോ. രാംദാസ് ഫിബ്രവരി എട്ട് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മന്ത്രി എം.എം. ഹസനും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി.വി. ഗംഗാധരനും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് താല്ക്കാലികമായി സമരം പിന്‍വലിക്കാന്‍ തിയറ്റര്‍ ഉടമകള്‍ തയ്യാറായത്. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍, ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ എന്നീ തിയറ്റര്‍ ഉടമകളുടെ സംഘടനകളാണ് സമരം പ്രഖ്യാപിച്ചിരുന്നത്.
ചലച്ചിത്ര വിതരണക്കാരും ചലച്ചിത്ര നിര്‍മ്മാതാക്കളും മുന്നോട്ട്വച്ച പുതിയ ആവശ്യങ്ങളാണ് തിയറ്റര്‍ ഉടമകളെ സമരത്തിലേക്ക് നയിച്ചത്. സിനിമാപ്രദര്‍ശനത്തില്‍ നിന്ന് കിട്ടുന്ന ആകെ തിയറ്റര്‍ വരുമാനത്തിന്റെ 60 ശതമാനം വിതരണക്കാര്‍ക്ക് നല്കുക, സിനിമയുടെ ആകെ പരസ്യച്ചെലവിന്റെ നിശ്ചിത ശതമാനം തിയറ്റര്‍ ഉടമകള്‍ കൂടി വഹിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. ഇതിന് കഴിയില്ലെന്ന് തിയറ്റര്‍ ഉടമകള്‍ പരസ്യമായി പ്രഖ്യാപിച്ചതോടെ സിനിമാരംഗത്ത് മറ്റൊരു പ്രതിസന്ധി ഉണ്ടായി.












Click it and Unblock the Notifications