കൊക്കകോള: അന്വേഷണമില്ലെന്ന് സുര്‍ജിത്
കൊച്ചി: പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയില്‍ കൊക്കകോള ഫാക്ടറിക്ക് ഇടതുമുന്നണി സര്‍ക്കാര്‍ അനുമതി നല്കിയത് സംബന്ധിച്ച് അന്വേഷിക്കില്ലെന്ന് സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് അറിയിച്ചു. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലാണ് സുര്‍ജിത് ഇക്കാര്യം വ്യക്തമാക്കിയത്.
ഇക്കാര്യത്തെക്കുറിച്ച് പാര്‍ട്ടിതലത്തില്‍ അന്വേഷിക്കുമെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ അഭിപ്രായത്തിന് കടകവിരുദ്ധമായ അഭിപ്രായമാണ് ഇക്കാര്യത്തില്‍ സുര്‍ജിതിന്റേത്. അതേ സമയം നായനാര്‍ സര്‍ക്കാരിന്റെ വിവാദതീരുമാനങ്ങളെക്കുറിച്ച് പഠിക്കുമെന്ന പൊളിറ്റ് ബ്യൂറോ അംഗ് എസ്. രാമചന്ദ്രന്‍പിള്ളയുടെ അഭിപ്രായത്തോട് സുര്‍ജിത് യോജിച്ചു.
കേരളത്തിന്റെ വികസനം തടയണമെന്ന് പാര്‍ട്ടിക്ക് ആഗ്രഹമില്ല. അതേ സമയം ബഹുരാഷ്ട്ര കമ്പനികള്‍ വരുന്നതു വഴി ഉണ്ടാകാവുന്ന അപകടത്തിനെതിരെ കരുതല്‍ നടപടി സ്വീകരിക്കണം. - സുര്‍ജിത് പറഞ്ഞു. കൊക്കകോള ഫാക്ടറിക്ക് അനുമതി നല്കിയതിനും ഇത് ബാധകമായിരുന്നില്ലേ എന്ന ചോദ്യത്തിന് ചില കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.












Click it and Unblock the Notifications