ഗള്‍ഫില്‍ നിന്ന് മടക്കം: വിവിധ പദ്ധതികള്‍
തിരുവനന്തപുരം: ഇന്ത്യന്‍ എംബസിയില്‍ ഇതുവരെ പേര് രജിസ്റര്‍ ചെയ്ത യു എ ഇയില്‍ നിന്ന് പൊതുമാപ്പിന്റെ അടിസ്ഥാനത്തില്‍ തിരിച്ചെത്തുന്ന ഇന്ത്യക്കാരില്‍ പകുതിയിലേറെ പേരും മലയാളികളാണെന്ന് പ്രവാസികാര്യമന്ത്രി എം. എം. ഹസ്സന്‍ നിയമസഭയില്‍ അറിയിച്ചു.
യു എ ഇയിലെ ഇന്ത്യന്‍ എംബസിയില്‍ 1113 പേരാണ് ഇതുവരെയായി പേര് രജിസ്റര്‍ ചെയ്തത്. ഇവരില്‍ 616 പേരും മലയാളികളാണ്- ഒരു സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
പൊതുമാപ്പിന്റെ അടിസ്ഥാനത്തില്‍ 25,000 ഓളം പേര്‍ കേരളത്തിലേക്ക് തിരിച്ചെത്തുമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ തിരിച്ചെത്തുന്നവര്‍ 10,000ല്‍ ഏറെ വരില്ലെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
സര്‍ക്കാരിന്റെ ആദ്യലക്ഷ്യം ഇവരെ സുരക്ഷിതമായി നാട്ടിലെത്തിയ്ക്കുകയെന്നതാണ്. ഇവര്‍ക്ക് തൊഴില്‍ നല്‍കി പുനരധിവസിപ്പിയ്ക്കുകയെന്നത് അസാദ്ധ്യമാണ്. എന്നാല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതിന് സര്‍ക്കാര്‍ ശ്രമിയ്ക്കും. വാണിജ്യ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കുന്നതിനായി സര്‍ക്കാര്‍ ഒരു പദ്ധതി തയ്യാറാക്കുന്നുണ്ട്.
ചുരുങ്ങിയ ചെലവില്‍ ഇവരെ എയര്‍ ഇന്ത്യാ വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിയ്ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി എ. കെ. ആന്റണി കത്തയച്ചിട്ടുണ്ട്.
സര്‍ക്കാര്‍ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി വിമാനത്താവള, പാസ്പോര്‍ട്ട്, എമിഗ്രേഷന്‍, എയര്‍ലൈന്‍സ് അധികൃതരുമായി ചര്‍ച്ച നടത്തി.
ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തുന്നവരെ കേരളത്തിലെത്തിക്കാനായി മുംബൈയില്‍ നിന്ന് പ്രത്യേക തീവണ്ടി സര്‍വീസ് നടത്തുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് ഇവര്‍ക്കായി സൗജന്യ ബസ് സര്‍വീസ് കെ എസ് ആര്‍ ടി സി നടത്തും.












Click it and Unblock the Notifications