ആറ്റുകാല്‍ പൊങ്കാല തിങ്കളാഴ്ച
തിരുവനന്തപുരം: സര്‍വാഭീഷ്ടദായിനിയായ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടുന്ന ചടങ്ങ് ഫിബ്രവരി 17 തിങ്കളാഴ്ച. കുംഭം മാസത്തിലെ പൂരം നാളും പൗര്‍ണ്ണമിയും ഒത്തുചേരുന്ന അന്ന് ലക്ഷക്കണക്കിന് സ്ത്രീകള്‍ പൊങ്കാലയിടാന്‍ എത്തും.
പൊങ്കാലയ്ക്ക് മുന്നോടിയായി ആറ്റുകാലിലും തിരുവനന്തപുരം നഗരത്തിലും പൊങ്കാലക്കലങ്ങളുടെ വില്പന പൊടിപൊടിക്കുന്നു. അടുപ്പുകൂട്ടി മണ്‍കലത്തിലാണ് സ്ത്രീകള്‍ പൊങ്കാലനിവേദ്യം തയ്യാറാക്കുക. പൊങ്കാലയിടുന്ന സ്ത്രീയുടെ എല്ലാ ദു:ഖങ്ങള്‍ക്കും ആറ്റുകാല്‍ ദേവി പരിഹാരമുണ്ടാക്കുമെന്നാണ് വിശ്വാസം. ഒപ്പം സ്ത്രീയുടെ ആഗ്രഹങ്ങള്‍ നിറവേറപ്പെടുമെന്നും വിശ്വസിക്കുന്നു. പൊങ്കാലയ്ക്ക് മുന്നോടിയായുള്ള ചടങ്ങുകള്‍ ആറ്റുകാല്‍ ക്ഷേത്രത്തില്‍ ആരംഭിച്ചു. സ്ത്രീകളുടെ ശബരിമല എന്നാണ് ആറ്റുകാല്‍ ക്ഷേത്രം അറിയപ്പെടുന്നത്.
പൊങ്കാലയ്ക്ക് മുന്നോടിയായ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. പൊങ്കാലയ്ക്കെത്തുന്നവര്‍ക്ക് ദാഹജലം നല്കുന്നതിനുള്ള വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഫിബ്രവരി 16 ഞായറാഴ്ച മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും.
പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് കെഎസ്ആര്‍ടിസി സൗജന്യ സര്‍വീസ് നടത്തും. ഇക്കുറി സൗജന്യ സേവനത്തിന് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും രംഗത്തുണ്ട്. കേരള സേവാഭാരതി വിവിധ സ്ഥലങ്ങളില്‍ വൈദ്യശുശ്രൂഷാകേന്ദ്രങ്ങള്‍ തുറക്കും.












Click it and Unblock the Notifications