കേരളത്തില്‍ പാക് പൗരന്മാര്‍ ഒന്നിക്കുന്നു
കോഴിക്കോട്: പാക് പൗരന്മാരെ ഇന്ത്യയില്‍ നിന്നും പുറത്താക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ കേരളത്തിലെ പാക് പൗരന്മാര്‍ ഒന്നിക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ സമീപിയ്ക്കാനാണ് മലബാറിലെ പാക് പൗരന്മാരുടെ നീക്കം. കേരള പ്രവാസി സംഘടനയാണ് ഇവരെ സംഘടിപ്പിക്കാന്‍ മുന്‍കയ്യെടുക്കുന്നത്.
ഇന്ത്യന്‍ പൗരത്വമില്ലാത്ത പാക് പൗരന്മാരെ രാജ്യത്ത് നിന്നും പുറത്താക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നീക്കം. കേരളത്തില്‍ തങ്ങുന്ന 345 ഓളം പാക് പൗരന്മാര്‍ക്ക് ഇന്ത്യന്‍ പൗരത്വമില്ല. അതേ സമയം വര്‍ഷങ്ങളായി ഇവര്‍ കേരളത്തിന്റെ മുഖ്യധാരാ ജീവിതവുമായി ലയിച്ചുകഴിയുന്നവരാണ്.
കോഴിക്കോട് കഴിഞ്ഞ ദിവസം കേരളാ പ്രവാസി സംഘടന സംഘടിപ്പിച്ച പാക് പൗരന്മാരുടെ സംഗമത്തില്‍ മലബാര്‍ മേഖലയില്‍ നിന്ന് 100 പേര്‍ പങ്കെടുത്തു. കേരളത്തില്‍ മൊത്തം ഇരുന്നൂറിലേറെ പാക് പൗരന്മാര്‍ ഉണ്ടെന്നാണ് കണക്ക്. ഇവരില്‍ അധികം പേരും മലബാര്‍ പ്രദേശത്താണ് തങ്ങുന്നത്. പ്രധാനമായും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍. മലപ്പുറം ജില്ലയില്‍ മാത്രം 137 പാക്പൗരന്മാര്‍ ഉണ്ട്.
വിഭജനത്തിന് മുമ്പ് ഇപ്പോള്‍ പാകിസ്ഥാനില്‍ പെട്ട കറാച്ചിയിലും ലാഹോറിലും എത്തിപ്പെട്ടവര്‍ക്ക് പിന്നീട് ഇന്ത്യയിലേക്ക് മടങ്ങാന്‍ പാക് പൗരത്വം എടുക്കേണ്ടിവന്നു. എന്നാല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയ പലരും പിന്നീട് പാകിസ്ഥാനിലേക്ക് മടങ്ങിപ്പോയില്ല. ഇവര്‍ ഇന്ത്യയില്‍ പാക് പൗരന്മാരായി ജീവിച്ചു. കേരളത്തിലെ ഈ പാക് പൗരന്മാരില്‍ പലരും വയോവൃദ്ധരാണ്. ഇത്തരം കൂട്ടായ്മയിലൂടെ തങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ പാക് പൗരന്മാര്‍.












Click it and Unblock the Notifications