വ്യാപാരി വ്യവസായസമിതി പിളരുന്നു
തിരുവനന്തപുരം: കേരളാ വ്യാപാരി വ്യവസായ ഏകോപന സമിതി പിളര്‍പ്പിലേക്ക്. സമിതിയുടെ പ്രസിഡന്റായ ടി. നസിറുദ്ദീനെതിരെ നീങ്ങുന്ന വിമതസംഘം എറണാകുളത്ത് പ്രത്യേക സംസ്ഥാനകൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്തതോടെയാണ് സംഘടന പിളരുമെന്ന് ഉറപ്പായി.
മാര്‍ച്ച് 23നാണ് വിമതഗ്രൂപ്പിന്റെ എറണാകുളം സമ്മേളനം. തങ്ങളുടെ പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന പിടിവാശിയിലാണ് വിമതസംഘം. പിളര്‍പ്പൊഴിവാക്കാന്‍ ഒരേയൊരു മാര്‍ഗ്ഗമാണ് വിമതസംഘം ഉന്നയിക്കുന്നത്. സംഘടനയുടെ ജനറല്‍ സെക്രട്ടറി സംസ്ഥാനകൗണ്‍സില്‍ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കണം. ഈ യോഗത്തില്‍ നസിറുദ്ദീനെതിരെ വിമതസംഘം അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യണം. പക്ഷെ അങ്ങിനെ ചെയ്താല്‍ അത് നസിറുദ്ദീനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നതിന് വഴിയൊരുങ്ങുമെന്നതിനാല്‍ സംസ്ഥാന കൗണ്‍സില്‍ യോഗം വിളിക്കാന്‍ സാധ്യതയില്ല.
വിമത സംഘത്തിന് നേതൃത്വം നല്കുന്നത് വ്യാപാരി വ്യവസായി ഏകോപനസമിതി വൈസ് പ്രസിഡന്റുമാരായ പി.എ.എം. ഇബ്രാഹിമും പെരിങ്ങമല രാമചന്ദ്രനും ആണ് വിമതസംഘത്തിന് നേതൃത്വം നല്കുന്നത്. സംഘടനയുടെ പ്രസിഡന്റ് എന്ന പദവി ദുരുപയോഗം ചെയ്ത് നസിറുദ്ദീന്‍ വന്‍തോതില്‍ അഴിമതി നടത്തിയെന്നതാണ് വിമതസംഘത്തിന്റെ പ്രധാന ആരോപണം. കേരളത്തില്‍ മൂല്യവര്‍ധിത നികുതി(വാറ്റ്) നടപ്പാക്കാനുള്ള കേരളാ സര്‍ക്കാരിന്റെ നീക്കത്തില്‍ വ്യവസായികളുടെ താല്പര്യം സംരക്ഷിക്കുന്നതിന് നസിറുദ്ദീന്‍ ഒന്നും ചെയ്തില്ലെന്നും വിമതര്‍ ആരോപിക്കുന്നു.












Click it and Unblock the Notifications