അപ്പാരല്‍ പാര്‍ക്ക്: സഹായിച്ചേക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: അപ്പാരല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് കിന്‍ഫ്ര കേന്ദ്രസര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം തേടിയത് പരിഗണിക്കുമെന്ന് കേന്ദ്ര ടെക്സ്റൈല്‍സ് മന്ത്രി കാന്‍ഷിറാം റാണ പറഞ്ഞു.
കെഎസ്ഐഡിസി സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കേന്ദ്രം അപ്പാരല്‍ പാര്‍ക്ക് സ്കീം പ്രഖ്യാപിക്കുന്നതിന് മുമ്പാണ് കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് തുടങ്ങിയതെന്നതിനാല്‍ സഹായം അനുവദിക്കുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. എങ്കിലും സംസ്ഥാനത്തിന് അനുകൂലമായ ഒരു തീരുമാനത്തിന് കേന്ദ്രം ശ്രമിക്കും.
ടെക്സ്റൈല്‍ വകുപ്പ് ഉദ്യോഗസ്ഥരുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിന് സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രമന്ത്രി നിര്‍ദേശിച്ചു. കൂടുതല്‍ അപ്പാരല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് ഫണ്ട് നല്‍കാന്‍ കേന്ദ്രം തയ്യാറാണ്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പദ്ധതി നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കണം.
ആഗോള വിപണിയിലെ മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ ടെക്സ്റൈല്‍ സാങ്കേതിക വിദ്യ നവീകരിക്കുന്നതിന് വേണ്ട വിവിധ പദ്ധതികള്‍ കേന്ദ്രം നടപ്പിലാക്കുന്നുണ്ട്. ഇപ്പോള്‍ ഒന്നര കോടി ഡോളറിന്റെ ടെക്സ്റൈല്‍ കയറ്റുമതിയാണ് നടക്കുന്നത്. 2010ഓടെ ഇത് അഞ്ച് കോടി ഡോളറിന്റേതാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
കിന്‍ഫ്ര 17 കോടിയുടെ സഹായമാണ് തേടിയിരിക്കുന്നത്. അപ്പാരല്‍ പാര്‍ക്കിന്റെ നിര്‍മ്മാണത്തിനായി കിന്‍ഫ്ര നേരത്തെ 15.72 കോടി ചെലവഴിച്ചിരുന്നു.
കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഷാഷന്‍ ടെക്നോളജിയുടെ ഒരു ശാഖ സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
അപ്പാരല്‍ പാര്‍ക്കില്‍ ഇപ്പോള്‍ ലീലാ ഗ്രൂപ്പിന്റെ മൂന്ന് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മൂന്ന് യുണിറ്റുകള്‍ കൂടി തുറക്കുമെന്നും കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ ജി.സി. ഗോപാലപ്പിള്ള പറഞ്ഞു. യോഗത്തില്‍ തൊഴില്‍ മന്ത്രി ബാബുദിവാകരന്‍, ചീഫ് സെക്രട്ടറി എന്‍. ചന്ദ്രശേഖരന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications