റാഗിംഗ്: നാല് കുട്ടികള്‍ പഠനം ഉപേക്ഷിച്ചു
തിരുവനന്തപുരം: റാഗിംഗ് കാരണം തമിഴ്നാട്ടില്‍ നഴ്സിംഗിന് പഠിയ്ക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് കേരളത്തില്‍ മടങ്ങിയെത്തി.
നല്‍കിയ ഫീസായ 60,000 രൂപയും ഉപേക്ഷിച്ചാണ് നാല് കുട്ടികള്‍ കേരളത്തില്‍ എത്തിയത്. ധര്‍മ്മപുരിയിലെ പെരിയാനഹള്ളിയിലെ ഒരു നഴ്സിംഗ് കോളേജിലെ പഠനം ഉപേക്ഷിച്ചാണ് കുട്ടികള്‍ മടങ്ങിയത്. ഉയര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ ഇവരെ ദിവസവും അവരുടെ മുറിയിലേയ്ക്ക് വിളിച്ച് റാഗ് ചെയ്യുകയും പീഡിപ്പിയ്ക്കുകയും ചെയ്തതായി ഇവര്‍ പറയുന്നു.
പ്രശ്നം കോളെജ് അധികൃതരോട് പറഞ്ഞിട്ടും ഫലമുണ്ടായില്ല. കോളെജ് പ്രിന്‍സിപ്പളും ഇതില്‍ ഇടപെട്ടില്ല. പിന്നീട് ധര്‍മ്മപുരി കളക്ടറും ഒരു ഉയര്‍ന്ന പൊലീസ് ഉദ്വോഗസ്ഥനും ഇടപെട്ടാണ് ഇവരെ കേരളത്തിലേയ്ക്ക് അയയ്ക്കാനുള്ള സംവിധാനം ഉണ്ടാക്കിയത്. മൂന്നുവര്‍ഷത്തെ മുഴുവന്‍ ഫീസും നല്‍കിയാലേ മടങ്ങി പോകാന്‍ അനുവദിയ്ക്കുകയുള്ളു എന്നായിരുന്നു കോളെജ് അധികൃതരുടെ നിലപാട്. ഇത് പറഞ്ഞ് അവരെ മാനേജ്മെന്റ് തടവില്‍ പാര്‍പ്പിച്ചതായും കുട്ടികള്‍ പറയുന്നു.
60,000 രൂപ ഫീസ് ഇതിനകം നല്‍കിയെങ്കിലും 48,500 രൂപയുടെ രസീത് മാത്രമേ നല്‍കിയിട്ടുള്ളു.
റാഗിംഗ് സംബന്ധിച്ച് രാഷ്ട്രപതിയ്ക്കും തമിഴ്നാട്, കേരള മുഖ്യമന്ത്രിമാര്‍ക്കും കുട്ടികള്‍ പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications