കാര്‍ വാങ്ങിയത് അന്വേഷിക്കണമെന്ന് സ്പീക്കര്‍
തിരുവനന്തപുരം: 12 ലക്ഷം രൂപ വിലയുള്ള ലാന്‍സര്‍ കാറുകള്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് വേണ്ടി വില കുറച്ചു വാങ്ങിയത് സംബന്ധിച്ച് നിയമസഭയില്‍ ചൂടേറിയ ചര്‍ച്ച നടന്നു.
12 ലക്ഷം രൂപ വിലയുള്ള കാറുകള്‍ ആറ് ലക്ഷം രൂപയ്ക്ക് എങ്ങനെ വാങ്ങിയെന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമനും പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനും ആവശ്യപ്പെട്ടു.
പ്രതാപവര്‍മ തമ്പാനാണ് പ്രശ്നം നിയമസഭയില്‍ അവതരിപ്പിച്ചത്. ഇത്രയും വിലക്കുറവില്‍ എങ്ങനെ കാര്‍ വാങ്ങിയെന്ന് വ്യക്തമാക്കണമെന്ന് സ്പീക്കറും ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ചില അംഗങ്ങളും ആവശ്യപ്പെട്ടു.
എല്ലാ ചട്ടങ്ങളും പാലിച്ചാണ് കാറുകള്‍ വാങ്ങിയിട്ടുള്ളതെന്ന് മന്ത്രി കെ. വി. തോമസ് അറിയിച്ചു. 8.58 ലക്ഷം രൂപയുടെ ഏറ്റവും വില കുറഞ്ഞ ലാന്‍സര്‍ കാറാണ് വാങ്ങിയത്. ഒരുമിച്ച് കുറെ കാറുകള്‍ വാങ്ങിയപ്പോള്‍ വില കുറച്ചുകിട്ടിയതാണ്.
എം എല്‍ എമാര്‍ക്ക് കാര്‍ വാങ്ങുന്നതിന് വേണ്ടി ബന്ധപ്പെട്ടപ്പോള്‍ വില കുറഞ്ഞ കാറിന് 10,000 രൂപയും വില കൂടിയ കാറിന് ഒരു ലക്ഷം രൂപയും മാത്രം കിഴിവ് തരാമെന്നാണ് പറഞ്ഞിരുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു.
8.58 ലക്ഷം രൂപയുടെ കാര്‍ ആറ് ലക്ഷം രൂപയ്ക്ക് എങ്ങനെ ലഭിക്കുമെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് എം. പി. ഗംഗാധരന്‍ ചോദിച്ചു.












Click it and Unblock the Notifications