ആദിവാസി: സര്‍ക്കാരിനെതിരെ പ്രതിഷേധം
തിരുവനന്തപുരം: ആദിവാസികളെ മുത്തങ്ങ വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ പൊലീസ് വെടിവെപ്പ് നടത്തിയ സര്‍ക്കാരിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. മനുഷ്യാവകാശസംഘടനകളുടെ പ്രവര്‍ത്തകരാണ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത്.
തിരുവനന്തപുരത്ത് സ്ത്രീവേദി പ്രവര്‍ത്തകര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി. ജീവിക്കാനുള്ള ആദിവാസികളുടെ അവകാശത്തിന്മേലാണ് സര്‍ക്കാര്‍ കൈവച്ചതെന്നും നേതാക്കള്‍ ആരോപിച്ചു.
സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും മുത്തങ്ങയില്‍ നിന്നും സായുധപ്പൊലീസിനെ ഉടന്‍ പിന്‍വലിക്കണമെന്നും ആദിവാസി-ദളിത് സഹായസമിതി ആരോപിച്ചു. വനംമാഫിയയും ഉദ്യോഗസ്ഥമേധാവികളുമാണ് ഇതിന് പിന്നിലെന്ന് സമിതി നേതാക്കളായ ജെ. രഘു, ബി. പ്രസാദ് എന്നിവര്‍ ആരോപിച്ചു. പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റ ആദിവാസി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സര്‍ക്കാര്‍ ഉടനടി സഹായമെത്തിക്കണമെന്നും അവര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ ക്രൂരമായ ആക്രണത്തില്‍ പ്രതിഷേധിച്ച് മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്ന് പിയുസിഎല്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. വെടിവെപ്പിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് റിട്ട. ജഡ്ജിമാര്‍ അംഗങ്ങളായ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും സംഘടനാനേതാക്കള്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications