മുത്തങ്ങ സമരം ഒടുക്കം നിയന്ത്രിച്ചതാര്?
ബത്തേരി: ഭൂമി വിതരണം ചെയ്യുമെന്ന വാഗ്ദാനം സര്‍ക്കാര്‍ ശരിയാംവിധം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് മുത്തങ്ങയില്‍ ഭൂമി കൈയേറി ആദിവാസി ഗോത്രമഹാസഭ നടത്തിയ പ്രക്ഷോഭത്തിന്റെ അന്തിമഘട്ടത്തില്‍ സി. കെ. ജാനുവിന് നിയന്ത്രണം നഷ്ടപ്പെട്ടുവോ?
ഒന്നര വര്‍ഷം മുമ്പ് തലസ്ഥാന നഗരിയില്‍ തീര്‍ത്തും ജനാധിപത്യപരമായ രീതിയില്‍ നടത്തിയ സര്‍ക്കാരിനെ വിറപ്പിച്ച ഒരു സമരത്തിന്റെ അവസാനത്തിലാണ് ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യാമെന്ന കരാറില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി ഒപ്പുവച്ചത്. വാഗ്ദാനം കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് കണ്ടപ്പോള്‍ ആദിവാസി ഗോത്രമഹാസഭ പലപ്പോഴായി നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് തീര്‍ത്തും അപ്രതീക്ഷിതമായ ഒരു വഴിത്തിരിവാണ് മുത്തങ്ങയില്‍ കണ്ടത്.
ഫിബ്രവരി 20 ബുധനാഴ്ച പൊലീസും ആദിവാസികളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഗോത്രസഭാ നേതാക്കളായ സി. കെ. ജാനുവും ഗീതാനന്ദനും സ്ഥലത്തുണ്ടായിരുന്നില്ല. അവര്‍ എവിടെയെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല. പ്രക്ഷോഭത്തിന്റെ അന്തിമഘട്ടത്തിലുണ്ടായ സംഭവങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് മറ്റ് ചിലരായിരുന്നു. പ്രക്ഷോഭത്തിന്റെ ഗതി ജാനുവിന്റെയും ഗീതാനന്ദന്റെയും നിയന്ത്രണത്തില്‍ നിന്ന് വഴുതിപ്പോയെന്നാണ് സൂചന.
പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് കുറച്ചുകാലമായി വയനാട്ടില്‍ പ്രചാരണം നടത്തിവരികയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെ പോസ്ററുകള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരുന്നു. മുത്തങ്ങ സമരത്തിന് അക്രമസാക്തമായ ഒരു പര്യവസാനം ഉണ്ടായത് പി ഡബ്ള്യു ജിയുടെ ഇടപെടലാണോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്.
മലയാളമറിയാത്ത ഒരു കൂട്ടം പേര്‍ ആദിവാസികള്‍ക്കൊപ്പം മുത്തങ്ങയിലുണ്ടായിരുന്നു. പുറത്തുനിന്നെത്തിയ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് പ്രവര്‍ത്തകരാണോ ഇവരെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
മുത്തങ്ങയില്‍ നടന്ന ആദിവാസി സമരത്തിന് പിന്നില്‍ ശ്രീലങ്കയിലെ തമിഴ് തീവ്രവാദികളുടെ കൈയുണ്ടെന്ന് ഉത്തര മേഖലാ ഡി ഐ ജി ശങ്കര്‍ റെഡ്ഡി പറഞ്ഞിരുന്നു.
ജാനുവിന്റെ നേതൃത്വത്തില്‍ നടന്നുവന്ന ആദിവാസി സമരങ്ങള്‍ക്ക് അപ്രതീക്ഷിതമായ ഗതിമാറ്റമാണ് മുത്തങ്ങ സംഭവത്തോടെയുണ്ടായത്. സമരത്തിന്റെ നേതൃത്വം മറ്റ് ചിലര്‍ കയ്യടക്കിയോ എന്ന സംശയവും അത് നല്‍കുന്നു.












Click it and Unblock the Notifications