മുത്തങ്ങ: പ്രതിപക്ഷം വാക്കൗട്ട് നടത്തി
തിരുവനന്തപുരം: മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് നേരെ പൊലീസ് വെടിവയ്പ് നടത്തിയതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഫിബ്രവരി 20 വ്യാഴാഴ്ച നിയമസഭ സ്തംഭിപ്പിച്ചു.
വെടിവയ്പില്‍ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. ചോദ്യോത്തരവേളയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച പ്രതിപക്ഷം ശൂന്യവേളയ്ക്കിടെ ഇറങ്ങിപ്പോയി. വീണ്ടും തിരിച്ചെത്തിയ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി സഭാ നടപടികള്‍ തടസപ്പെടുത്തിയതിനെ തുടര്‍ന്ന് സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.
സി പി എം നിയമസഭാ കക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് മുത്തങ്ങ സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്.
സംഭവം നിര്‍ഭാഗ്യകരമാണെന്നും അക്രമാസക്തമായ ആദിവാസികളെ ഒഴിപ്പിക്കാന്‍ പൊലീസിന് വെടിവയ്ക്കാതെ മറ്റ് മാര്‍ഗമുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു. വെടിവയ്പ് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വാഗ്ദാനങ്ങള്‍ നടപ്പിലാക്കാതെ ആദിവാസികളെ അക്രമാസക്തമായ സമരത്തിലേക്ക് സര്‍ക്കാര്‍ തള്ളിവിടുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications