സ്വര്‍ണ്ണകടകളില്‍ നിക്ഷേപിച്ചാല്‍ ഉയര്‍ന്ന പലിശ
കൊച്ചി: ജ്വല്ലറി ഉടമകളും ജ്വല്ലറികളും സ്വീകരിയ്ക്കുന്ന നിക്ഷേപത്തിന് ജനങ്ങളില്‍ താല്പര്യം ഏറി. ബാങ്ക് പലിശ കുറയുമ്പോഴും സ്വര്‍ണ്ണക്കടക്കാര്‍ മികച്ച പലിശ നല്‍കൂന്നതാണ് ഈ പ്രീതിയ്ക്ക് കാരണം.
പ്രീതി കൂടിയതോടെ നിക്ഷേപവും കൂടിയിരിയ്ക്കുകയാണ്. ബാങ്ക്കളും ബാങ്കിതര പണമിടപാട് സ്ഥാപനങ്ങളും സ്വീകരിയ്ക്കുന്നതുപോലെ നിക്ഷേപം സ്വീകരിയ്ക്കാന്‍ സ്വര്‍ണ്ണകടകള്‍ക്ക് കഴിയില്ല. വ്യക്തികളും സ്ഥാപനങ്ങളും വായ്പ സ്വീകരിയ്ക്കുന്നതിന് സമമായാണ് ഈ കടകളും കടക്കാരും ആളുകളില്‍ നിന്ന് പണം സ്വീകരിയ്ക്കുന്നത്. നിയമപരമായി ഇവര്‍ വായ്പസ്വീകരിയ്ക്കുന്നതായാണ് രേഖകളില്‍ കാണിയ്ക്കാറുള്ളത്. ജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിയ്ക്കണമെങ്കില്‍ അതിന് റിസര്‍ബാങ്കിന്റെ അനുമതി വേണം. അത് ഈ കടകള്‍ക്കില്ല. അതുകൊണ്ടാണ് ഇങ്ങനെ വായ്പയെന്ന പേരില്‍ പണം സ്വീകരിയ്ക്കുന്നത്.
ആലുക്കാസ്, ഭീമ, ആലപ്പാട്ട് പോലുള്ള വലിയ ജ്വല്ലറികള്‍ സ്വര്‍ണ നിക്ഷേപത്തിന് 13 മുതല്‍ 15 ശതമാനം വരെയാണ് പലിശ നല്‍കുന്നത്. മൂന്ന് വര്‍ഷത്തെ നിക്ഷേപത്തിന് ഭീമ നല്‍കുന്നത് 11 ശതമാനം പലിശയാണ്. ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 9.5 ശതമാനവും. മാസ നിക്ഷേപത്തിന് 10 ശതമാനവും വാര്‍ഷിക നിക്ഷേപത്തിന് 12 ശതമാനവും പലിശയാണ് ആലുക്കാസ് നല്‍കുന്നത്. തളിയത്ത് ജ്വല്ലറി പോലുള്ള ചെറിയ സ്ഥാപനങ്ങള്‍ 15 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. അതേ സമയം ബാങ്കുകളിലെ സ്ഥിരനിക്ഷേപത്തിന് 7.5 മുതല്‍ എട്ട് ശതമാനം വരെ മാത്രമാണ് പലിശ.
കച്ചവടത്തിനായി ബാങ്ക് കളില്‍ നിന്ന് പണം വായ്പയായി എടുക്കുകയാണെങ്കില്‍ ഇതിനേക്കാള്‍ കൂടുതല്‍ തുക പലിശയായി നല്‍കേണ്ടി വരും. അതിനാലാണ് ജനങ്ങളില്‍ നിന്ന് പണം നിക്ഷേപമായി സ്വീകരിയ്ക്കുന്നത്- ആലപ്പാട്ട് പ്രതിനിധി പറയുന്നു.
സാധാരണ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി സ്വര്‍ണ്ണത്തില്‍ മാത്രമേ ഇവര്‍ തുക നിക്ഷേപിയ്ക്കാറുള്ളത്രെ. അതുകൊണ്ട് നിക്ഷേപം ശോഷിയ്ക്കുകില്ലെന്നാണ് അവരുടെ വാദം. എന്നാല്‍ സ്വര്‍ണ്ണ വില കുറഞ്ഞാല്‍ എന്ത് ചെയ്യുമെന്ന് അവര്‍ പറയുന്നില്ല.
നിക്ഷേപകര്‍ ഏറെയും ജോലിയില്‍ നിന്ന് പിരിഞ്ഞവരും ഗള്‍ഫില്‍ നിന്നും മറ്റും മടങ്ങി എത്തിയവരുമാണ്. ഇവര്‍ക്ക് മാസം തോറുമോ മൂന്നുമാസം കൂടുമ്പോഴോ പലിശ നല്‍കും. ഇത് ആദ്യ കരാറിന്റെ അടിസ്ഥാനത്തിലാണ്.
സാധാരണ ധനകാര്യ സ്ഥാപനങ്ങളേപ്പോലെ ഈ സ്വര്‍ണ്ണക്കടകള്‍ എപ്പോഴും നിക്ഷേപം സ്വീകരിയ്ക്കാറില്ല. കച്ചവടത്തിനായി കൂടുതല്‍ പണം ആവശ്യം വരുമ്പോഴാണ് ഇത്തരം സ്ഥാപനങ്ങള്‍ നിക്ഷേപം സ്വീകരിയ്ക്കുന്നത്.












Click it and Unblock the Notifications