മുത്തങ്ങ; കാണാതായവര്‍ എവിടെ? : പ്രതിപക്ഷം
മുത്തങ്ങ: പൊലീസ് വെടിവെപ്പിന് ശേഷം കാണാതായ ആദിവാസികളെക്കുറിച്ച് അന്വേഷിക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. ഫിബ്രവരി 21 വെള്ളിയാഴ്ച മുത്തങ്ങയും പരിസരപ്രദേശങ്ങളും പരിക്കേറ്റ ആദിവാസികളെയും സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാക്കള്‍.
ഏകദേശം 2000 ആദിവാസികള്‍ മുത്തങ്ങയില്‍ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇതില്‍ 200ല്‍ പരം ആളുകളെക്കുറിച്ച് മാത്രമേ പൊലീസ് മിണ്ടുന്നുള്ളൂ. ബാക്കിയുള്ള ആദിവാസികള്‍ എവിടെപ്പോയി? ഇതില്‍ ദുരൂഹതയുണ്ട്. - പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
തങ്ങളുടെ ബന്ധുക്കളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് ആശുപത്രിയില്‍ പരിക്കേറ്റ് കഴിയുന്ന ആദിവാസികളില്‍ പലരും പറയുന്നത്. ആദിവാസികള്‍ നടത്തിയ ബലപ്രയോഗം ശരിയല്ല. പക്ഷെ സര്‍ക്കാര്‍ നല്കിയ വാഗ്ദാനം പാലിക്കാത്തിനാലാണ് അവര്‍ അങ്ങിനെയൊരു മാര്‍ഗ്ഗം സ്വീകരിച്ചതെന്ന കാര്യം കാണാതിരുന്നുകൂടാ. മാധ്യമപ്രവര്‍ത്തകരെ മുഴുവന്‍ ആട്ടിയോടിച്ച ശേഷമായിരുന്നു പൊലീസിന്റെ ഈ തേര്‍വാഴ്ച.- നേതാക്കള്‍ ആരോപിച്ചു.
പ്രതിപക്ഷ നേതാവിന് പുറമെ സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍, എം.പി. വീരേന്ദ്രകുമാര്‍, കൊടിയേരി ബാലകൃഷ്ണന്‍, ബിനോയ് വിശ്വം, പി.കെ. ശ്രീമതി, നീലലോഹിതദാസന്‍ നാടാര്‍, എ.സി. ഷണ്മുഖദാസ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications