മുത്തങ്ങ: നാളെ റിപ്പോര്‍ട്ട് നല്കുമെന്ന് മന്ത്രി
മുത്തങ്ങ: വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന പൊലീസ് വെടിവെപ്പിനെക്കുറിച്ച് ഫിബ്രവരി 22 ശനിയാഴ്ച റിപ്പോര്‍ട്ട് നല്കുമെന്ന് വനംമന്ത്രി കെ. സുധാകരന്‍. ഫിബ്രവരി 21 വെള്ളിയാഴ്ച മുത്തങ്ങ സന്ദര്‍ശിച്ച അദ്ദേഹം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
മുത്തങ്ങ വെടിവെപ്പിനെക്കുറിച്ച് ശനിയാഴ്ച മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കും. ആദിവാസികളുടെ അക്രമത്തിന് പിന്നില്‍ കേരളത്തിലെ ചില ബുദ്ധികേന്ദ്രങ്ങളുണ്ട്. ചില മാധ്യമപ്രവര്‍ത്തകര്‍ക്കും ആദിവാസികളുമായി ബന്ധമുണ്ട്. - സുധാകരന്‍ ആരോപിച്ചു.
സമരം നടത്തിയ ആദിവാസികള്‍ക്ക് ചില രഹസ്യഅജണ്ടകളുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇതേക്കുറിച്ച് അന്വേഷിക്കും. ആദിവാസികള്‍ ബന്ദികളാക്കിയ പൊലീസുകാരെയും ആദിവാസികളെയും മോചിപ്പിക്കാനാണ് പൊലീസ് ഒടുവില്‍ വെടിവെച്ചത്. ജാനു മിക്കവാറും കേരളം വിട്ടിട്ടുണ്ടാകുമെന്നാണ് മനസ്സിലാക്കുന്നത്. കഴിഞ്ഞ നാലഞ്ചുദിവസമായി ജാനു മുത്തങ്ങയിലുണ്ടായിരുന്നില്ല.- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications