ഡോക്ടര്‍മാര്‍ക്ക് തീവണ്ടിയില്‍ ഇളവ്
ദില്ലി: ഇനി ഡോക്ടര്‍മാര്‍ക്ക് തീവണ്ടിയില്‍ യാത്രാക്കൂലി ഇനത്തില്‍ 10 ശതമാനം ഇളവ് ലഭിക്കും. അലോപ്പതി ഡോക്ടര്‍മാര്‍ക്ക് മാത്രമാണ് ഈ ഇളവ്. സീസണ്‍ ടിക്കറ്റ്, പ്രത്യേക ട്രെയിന്‍ എന്നിവ ഒഴികെയുള്ള എല്ലാ തീവണ്ടികളിലും യാത്രാ സൗജന്യം ലഭ്യമാണ്.
യാത്രക്കാര്‍ക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കുന്നതിനാണ് എംബിബിഎസ് ബിരുദമുള്ളവര്‍ക്ക് ഇളവ് അനുവദിച്ചിരിക്കുന്നത്. പക്ഷെ ബിരുദം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയതുകൊണ്ട് ഇളവ് ലഭിക്കില്ല. താന്‍ തീവണ്ടിയില്‍ വൈദ്യസേവനത്തിന് തയ്യാറാണെന്ന് എഴുതിക്കൊടുക്കണം. മാത്രമല്ല, യാത്രയില്‍ ചില അടിയന്തര മരുന്നുകളും പ്രാഥമിക വൈദ്യസഹായത്തിന് ഉപയുക്തമായ ഉപകരണങ്ങളും കൈവശം വയ്ക്കുകയും വേണം.
ഡോക്ടര്‍മാര്‍ താഴെപ്പറയുന്ന മരുന്നുകളും ഉപകരണങ്ങളും തീവണ്ടി യാത്രാവേളയില്‍ കൂടെക്കരുതണം: രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നതിനുള്ള ഉപകരണം, രണ്ട് സിറിഞ്ച്, സ്റെതസ്കോപ്പ്, ക്ലിനിക്കല്‍ തെര്‍മോമീറ്റര്‍, പെന്‍ ടോര്‍ച്ച്, പാരസിറ്റമോള്‍ (പത്തെണ്ണം), കോംബിഫ്ലാന്‍ (പത്തെണ്ണം), സ്പാസ്മോ പ്രോക്സിവോണ്‍(പത്തെണ്ണം), എന്‍ട്രോ ക്വിനോള്‍ (പത്തെണ്ണം), ജെലൂസില്‍ (പത്തെണ്ണം), സോര്‍ബിട്രാറ്റ് (പത്തെണ്ണം), ആഞ്ചിസെഡ് (ആറ്), ഡെറിഫിലിന്‍ (പത്തെണ്ണം), ഡിസ്പിരിന്‍ (പത്തെണ്ണം), ഡോണ്‍ പെരിഡോണ്‍(പത്തെണ്ണം).
യാത്രാവേളയില്‍ ഏത് കോച്ചിലാണ് ഡോക്ടറുള്ളതെന്ന് എല്ലാ കോച്ചിലും അറിയിക്കും. സൗജന്യം വാങ്ങിയിട്ട് അടിയന്തരഘട്ടത്തില്‍ ഡോക്ടര്‍ ചികിത്സിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരും റെയില്‍വേ മന്ത്രാലയവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനോട് ആവശ്യപ്പെടും.












Click it and Unblock the Notifications