സവര്‍ക്കറുടെ ഛായാചിത്രം അനാഛാദനം ചെയ്തു
ദില്ലി: പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഹിന്ദു മഹാഭ നേതാവ് വീര്‍ സവര്‍ക്കറുടെ പൂര്‍ണകായചിത്രം രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍കലാം അനാഛാദനം ചെയ്തു.
മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ ഒഴികെ എല്ലാ പ്രതിപക്ഷാംഗങ്ങളും അനാഛാദന ചടങ്ങ് ബഹിഷ്കരിച്ചു. ഉപരാഷ്ട്രപതി ഭൈരോണ്‍ സിംഗ് ശെഖാവത്ത്, പ്രധാനമന്ത്രി എ. ബി. വാജ്പേയി, ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി, ലോക്സഭാ സ്പീക്കര്‍ മനോഹര്‍ ജോഷി, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കോണ്‍ഗ്രസ് അംഗമായ രാജ്യസഭാദ്ധ്യക്ഷ നജ്മ ഹെപ്ത്തുള്ളയും ചടങ്ങില്‍ പങ്കെടുത്തു. അതേ സമയം ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പി. എം. സെയ്ദ് ചടങ്ങിലുണ്ടായിരുന്നില്ല.
പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ വീരസവര്‍ക്കറുടെ ഛായാചിത്രം സ്ഥാപിച്ചത്. വീരസവര്‍ക്കറുടെ ഛായാചിത്രം അനാഛാദനം ചെയ്യുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് പ്രതിപക്ഷം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു.
മഹാത്മഗാന്ധിയുടെ ചിത്രത്തിന് മുഖാമുഖമായാണ് ഗാന്ധിജി വധക്കേസിലെ ഏഴാം പ്രതിയായ സവര്‍ക്കറുടെ ചിത്രം പ്രതിഷ്ഠിച്ചിരിക്കുന്നത്. ഗാന്ധിജി വധക്കേസില്‍ സാങ്കേതിക കാരണങ്ങള്‍ മൂലമാണ് സവര്‍ക്കര്‍ ശിക്ഷയില്‍ നിന്നൊഴിവായതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. പോര്‍ട്ട് ബ്ലെയര്‍ ജയിലില്‍ നിന്നു തന്നെ മോചിപ്പിക്കമെന്നും ജയില്‍ മോചിതാനായാല്‍ താന്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ വിശ്വസ്തനായിരിക്കുമെന്നും കാണിച്ച് ബ്രിട്ടീഷ് സര്‍ക്കാരിന് കത്തയച്ചയാളാണ് സവര്‍ക്കറെന്നും പ്രതിപക്ഷം വാദിക്കുന്നു.












Click it and Unblock the Notifications